മെഡിക്കല്‍കോളജ്: മദപ്പാടുള്ള ആനയെ ക്രൂരമായി മര്‍ദിച്ചതുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ക്കും വനംവകുപ്പിനു പരാതി.
ഉള്ളൂര്‍ കാര്ത്തികേയന് എന്ന ആനയ്ക്ക് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ടാണു പൗരസമിതി പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം ഉള്ളൂര്‍ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം.
ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രമാണിത്. മദപ്പാടു കണ്ടതിനെത്തുടര്‍ന്നു കാര്‍ത്തികേയനെ പ്രത്യേക സ്ഥലത്താണ് പാര്‍പ്പിച്ചിരുന്നത്. ആനയെ പരിചരിക്കാനായി പാപ്പാന്മാരും ഉണ്ടായിരുന്നു. ഇവരെക്കൂടാതെ രണ്ടു യുവാക്കളെ ആനയെ പരിചരിക്കാനായി കൊണ്ടുവന്നിരുന്നു. ഇവരാണ് ആനയെ ക്രൂരമായി മര്‍ദിച്ചതെന്നാണു പരാതിയില്‍ പറയുന്നത്.
ചങ്ങല നിരന്തരം കിടക്കുന്നതിനാല്‍ ആനയുടെ കാലുകളില്‍ വ്രണങ്ങള്‍ ഉണ്ടായിരുന്നു. ഈ വ്രണങ്ങളില്‍ കമ്പുകള്‍ ഉപയോഗിച്ചു നിരന്തരം അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പൗരസമിതി വനംവകുപ്പിനുള്പ്പെടെ പരാതി നല്‍കിയിരിക്കുന്നത്.
ആനയെ അടിച്ചവര്‍ മദ്യലഹരിയിലായിരുന്നുവെന്നും യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് ഇവര്‍ പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൗരസമിതി മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷിച്ചു നടപടികള്‍ എടുക്കുമെന്നുമാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
Tags : Elephant beaten caretakers