കോട്ടയം: കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്കുന്ന വികസനപ്രവര്‍ത്തനങ്ങളാകും അടുത്ത അഞ്ചു വര്‍ഷം നടപ്പാക്കുകയെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്. രാസലഹരിയുടെയും തെരുവുനായ്ക്കളുടെയും നിര്‍വ്യാപനം ലക്ഷ്യമിട്ട് പദ്ധതികള്‍ നടപ്പാക്കുമെന്നും ജോഷി ഫിലിപ്പ് പറഞ്ഞു. നാല് വര്‍ഷത്തിനുശേഷം പ്രസിഡന്റ് ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കും. ജില്ലയിലെ ത്രിതല പഞ്ചായത്ത് പദ്ധതികള്‍ വിഭാവനം ചെയ്യുമ്പോള്‍ ഏകീകൃതസ്വഭാവത്തോടെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കും.
ഇതുവഴി ജനങ്ങള്‍ക്ക് ഗുണകരമായ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റശേഷം പ്രസ് ക്ലബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏബിള്‍ കോട്ടയം രണ്ടാംഘട്ടം
ജില്ലാ പഞ്ചായത്ത് പത്ത് വര്‍ഷം മുമ്പ് നടപ്പാക്കി വിജയിപ്പിച്ച ‘’ഏബിള്‍ കോട്ടയം’’ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഉടന്‍ തുടക്കം കുറിക്കും. അബ്ദുള്‍ കലാം ബെറ്റര്‍ ഫോര്‍ എഡ്യുക്കേഷന്റെ ഭാഗമായാണ് ഏബിള്‍ കോട്ടയം പദ്ധതി നടപ്പില്‍ വരുത്തിയത്. വിദ്യാഭ്യാസ -ആരോഗ്യമേഖലയുടെ സമഗ്ര പുരോഗതിയാണ് ഏബിള്‍ കോട്ടയം പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. താന്‍ മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നടപ്പാക്കിയ ഈ പദ്ധതി വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കിയിരുന്നു.
എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ഒറ്റ കുടക്കീഴില് അണിനിരത്തിയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും നടപ്പിലാക്കുക. ലഭിക്കുന്ന സര്‍ക്കാര്‍ ഗ്രാന്റ് ഒരു രൂപ പോലും നഷ്ടപ്പെടുത്താതിരിക്കുന്നതിനുള്ള കര്മപദ്ധതികള്ക്കായിരിക്കും ജില്ലാ പഞ്ചായത്ത് മുന്‍ഗണന നല്‍കുന്നത്.
വിദ്യാഭ്യാസ ആരോഗ്യമേഖല
വിദ്യാര്‍ഥികള്‍ക്കിടയില്‍ രാസലഹരിയുടെ ഉപയോഗം കൂടുതലായി കണ്ടുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണ്ടുപിടിക്കുന്നതിന് എല്ലാ സ്കൂളുകളിലും പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ സ്കൂളുകളിലും നിരീക്ഷണ കാമറകള്‍ ഉറപ്പാക്കും.
വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന ആബ്സന്റ് ട്രാക്കിംഗ് സംവിധാനം കാര്യക്ഷമമാക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് പോലീസ്, എക്സൈസ്, പിടിഎ, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംയുക്ത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.
മികവ് തെളിയിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡ്, ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകള്, ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നിയമസാക്ഷരത, പഠനത്തില്‍ മുന്നോട്ട് നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍, പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പഠന സഹായ പദ്ധതി, എല്ലാ സ്കൂളുകളിലും കമ്യൂണിക്കേറ്റ് ഇംഗ്ലീഷ് പഠന സഹായ പദ്ധതി, എല്ലാ സ്കൂളുകളിലും ഇംഗ്ലീഷ്, മലയാള പത്രങ്ങളുടെ വിതരണം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിനു മുന്‍ഗണന.
കാര്‍ഷിക മേഖലയുടെ വികസനം
കാര്‍ഷിക മേഖല തരംതിരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരും. ജില്ലയിലെ സവിശേഷമായ കാലാവസ്ഥാവ്യതിയാനം മനസിലാക്കി കൃഷിരീതികള്‍ അവലംബിക്കും. നെല്‍കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും. നെല്‍ സംഭരണത്തിന് ഗോഡൗണ്‍ നിര്‍മിക്കാനാകുമോയെന്നു പരിശോധിക്കും, ആധുനിക കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിക്കും, ജില്ലാ പഞ്ചായത്തിന്റെ നെല്ല് കൊയ്ത്ത് യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കും.
ജില്ലാ പഞ്ചായത്തിന്റെ റോഡുകള്‍ റബറൈസ്ഡ് ആക്കാനാകുമോ എന്ന് പരിശോധിക്കും. അതിലൂടെ റബര്‍ വില ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ചെറുകിട കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കും.
യുവജനക്ഷേമം
അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ നമ്മുടെ നാട് വിടുന്നതാണ് ഇപ്പോള്‍ നമ്മള് നേരിടുന്ന വലിയ ഭീഷണി. അവരെ നാട്ടില്‍ നിര്‍ത്തുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്നതിനു പ്രത്യേക പദ്ധതി, കളിസ്ഥലങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ കളിസ്ഥലം ഉറപ്പു വരുത്തും. എല്ലാ പഞ്ചായത്തിലും ആധുനിക ലൈബ്രറി സംവിധാനം ഉറപ്പാക്കും.
അടിസ്ഥാന വികസന പദ്ധതി
സൗരോര്‍ജ പദ്ധതിക്ക് മുന്‍ഗണന നല്‍കുന്നതിള്ള വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരും. എല്ലാവര്ക്കും കുടിവെളളം ഉറപ്പാക്കും. എല്ലാവര്ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന അര്ഹിക്കുന്നവര്ക്കുമുള്ള സഹായ പദ്ധതി. വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികളും നടപ്പാക്കും.
തെരുവ് നായ്ക്കളെ
നിയന്ത്രിക്കാന്‍ നടപടി
തെരുവ് നായ്ക്കള്‍ പെറ്റുപെരുകുന്നത് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിക്കൊപ്പം തെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ നിര്മിക്കാനാകുമോയെന്നത് പരിശോധിക്കും.
Tags : Joshi Philip nattuvishasham local news