സാമൂഹിക വനവത്കരണ വിഭാഗത്തിനു കീഴിൽ കൽപ്പറ്റ ചുഴലിയിലെ നഴ്സറിയിൽ വിതരണത്തിന് തയാറാക്കിയ മന്ദാരം, ആര്യവേപ്പ്, നെല്ലി, കുമിഴ്, പേര, ഞാവൽ, മുള, മണിമരുത്
കൽപ്പറ്റ: പരിസ്ഥിതി ദിനത്തിലും തുടർന്നും നട്ടുപരിപാലിക്കുന്നതിന് വയനാട്ടിൽ സാമൂഹിക വനവത്കരണ വിഭാഗം തയാറാക്കിയത് ഒരു ലക്ഷം വൃക്ഷത്തൈകൾ. കൽപ്പറ്റ ചുഴലി നഴ്സറിയിൽ 75,000 ഉം മാനന്തവാടി ബേഗൂർ നഴ്സറിയിൽ 25,000 ഉം തൈകളാണ് ഉത്പാദിപ്പിച്ചതെന്ന് സോഷ്യൽ ഫോറസ്ട്രി എസിഎഫ് നജ്മൽ അമീൻ, റേഞ്ച് ഓഫീസർ എം.പി. സജീവൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.സി. രാജേഷ് എന്നിവർ പറഞ്ഞു. രണ്ട് നഴ്സറികളിലും തൈ വിതരണം തുടങ്ങിയതായി അവർ അറിയിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടൊയാണ് നഴ്സറികളിൽ തൈകൾ തയാറാക്കിയത്. മിഷൻ മുഖേനയാണ് തൈ വിതരണവും.
നടീലിന് തൈകൾ ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മിഷൻ ജില്ലാ കോ ഓർഡിനേറ്റർക്ക് അപേക്ഷ നൽകണം. പരിശോധനയ്ക്കുശേഷം മിഷൻ കോ ഓർഡിനേറ്റർ അപേക്ഷകൾ സോഷ്യൽ ഫോറസ്ട്രി എസിഎഫിന് കൈമാറുന്ന മുറയ്ക്ക് നഴ്സറികളിനിന്നു തൈകൾ കൈപ്പറ്റാം. നീർമരുത്, മണിമരുത്, പേര, നെല്ലി, ഉങ്ങ്, ഞാവൽ, പ്ലാവ്, ആര്യവേപ്പ്, കുമിഴ്, മന്ദാരം, മാതളം, മുരിങ്ങ, മുള. ഇങ്ങനെ നീളുന്നതാണ് നഴ്സറികളിൽ ഉത്പാദിപ്പിച്ച തൈകളുടെ നിര. ചുഴലിയിൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 4.33 ഹെക്ടർ സ്ഥലത്താണ് നഴ്സറി. വൃക്ഷത്തൈകളുടെ ശാസ്ത്രീയ ഉത്പാദനത്തിന് ചോപ്പിംഗ് റൂം, ഹീപ്പിംഗ് ഏരിയ, സീഡ് ഡ്രൈയിംഗ് യാർഡ്, ഷെയ്ഡ് നെറ്റ്, റെയിൻ ഷെൽട്ടർ, പോട്ടിംഗ് മിക്സ്ചർ യൂണിറ്റ്, കന്പോസ്റ്റ് യൂണിറ്റ്, കുളം, ഓവർഹെഡ് ടാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.
തൈകളുടെ ഉത്പാദനവും പരിചരണവും ശാസ്ത്രീയമായി നടത്തുന്നതിനൊപ്പം വിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും സസ്യജാലങ്ങളെക്കുറിച്ചു അറിവ് പകരുകയും നഴ്സറി ലക്ഷ്യമാണ്. മുന്പ് സുൽത്താൻ ബത്തേരി റേഞ്ചിലെ പൂമല കുന്താണിയും സോഷ്യൽ ഫോറസ്ട്രി നഴ്സറി പ്രവർത്തിച്ചിരുന്നു. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിശ്ചിത വില ഈടാക്കിയാണ് നഴ്സറിയിൽനിന്നു തൈകൾ വിതരണം ചെയ്യുക. പഞ്ചായത്തുകളടക്കം മറ്റു സ്ഥാപനങ്ങൾക്ക് സൗജന്യമാണ്.
Tags : Local News Nattuvishesham Wayanad