പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: പശ്ചിമഘട്ട പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയായി (ഇഎസ്എ) പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവകാശം ജനങ്ങൾ വിനിയോഗിക്കണമെന്നു സാമൂഹ്യസംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.
ജനവാസ, കാർഷിക മേഖലകളെ ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ഓരോ പ്രദേശത്തെയും ജനങ്ങൾക്കും അവകാശമുണ്ട്.
കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും വ്യത്യസ്തമായ ആവാസവ്യവസ്ഥയും കണക്കിലെടുത്തു വനപ്രദേശങ്ങളിൽ മാത്രമായി ഇഎസ്എ പരിമിതപ്പെടുത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇഎസ്എ പ്രഖ്യാപനത്തിനെതിരേ കേരളത്തിൽ ഉയർന്ന ജനരോഷമാണ് അന്തിമ വിജ്ഞാപനം വൈകുന്നതിനും ഒന്നിലധികം കരട് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും കാരണമായതെന്നു നേതാക്കൾ പറഞ്ഞു. സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സംഘടനകൾക്കും സാമുദായിക നേതൃത്വങ്ങൾക്കും പുറമേ വ്യക്തികൾക്കും കരട് വിജ്ഞാപനത്തിൽ ആക്ഷേപം അറിയിക്കാം.
കേരളത്തിൽ ഇഎസ്എ പരിധിയിൽ ഉൾപ്പെടുന്ന വില്ലേജുകളുടെയും പ്രദേശത്തിന്റെയും കാര്യത്തിൽ നേരത്തേ സമർപ്പിച്ച നിർദേശങ്ങളിൽ ആവശ്യമായ അനുബന്ധ രേഖകൾ നൽകാൻ കഴിയാതിരുന്നതാണ് കേന്ദ്രതലത്തിൽ നിർദേശങ്ങൾ പരിഗണിക്കപ്പെടാതിരിക്കാൻ കാരണമായതെന്നും നേതാക്കൾ പറഞ്ഞു.
സംസ്ഥാന സർക്കാർ അനുബന്ധ രേഖകൾ സഹിതം റിപ്പോർട്ട് സമർപ്പിക്കുമെന്നു വ്യക്തമാക്കിയിരിക്കുന്നത് പ്രതീക്ഷ നൽകുന്നതായും അവർ കൂട്ടിച്ചേർത്തു.
കരട് വിജ്ഞാപനം നീണ്ടുപോകുന്നത് പ്രദേശങ്ങളിലെ ഭൂമിയുടെ ക്രയവിക്രയത്തെയും വികസന പ്രവർത്തനങ്ങളെയും ബാധിക്കാനിടയുണ്ട്.
ആക്ഷേപങ്ങൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കോ കേന്ദ്ര പരിസ്ഥിതി -വനം - കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറിക്ക് കത്ത് മുഖേനയോ സമർപ്പിക്കാം.
നെടുങ്കണ്ടത്ത് നടത്തിയ പത്രസമ്മേളനത്തിൽ ചെറുകിട ഏലം കർഷക അസോസിയേഷൻ സെക്രട്ടറി ജോൺസൺ കൊച്ചുപറമ്പൻ, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി സജീവ് ആർ. നായർ, വളം കീടനാശിനി വ്യാപാരി സംഘടനാ പ്രസിഡന്റ് സിബി കിഴക്കേമുറി, റോട്ടി ഡിസ്ട്രിക്ട് ഡയറക്ടർ യൂനുസ് സിദ്ദിഖ്, സീനിയർ ചേംബർ പ്രതിനിധി പ്രഫ. ഡോ. എം.ജെ. മാത്യു എന്നിവർ പങ്കെടുത്തു.
Tags : District News Nattuvishesham ESA objections