മൂക്കൻപെട്ടി കോസ്വേ പാലത്തിൽ അടിഞ്ഞ തടി നീക്കുന്നു.
കണമല: ഇക്കഴിഞ്ഞ പ്രളയത്തിൽ കിഴക്കൻ മേഖലയിൽ പാലങ്ങൾ മുങ്ങിയതല്ലാതെ വീടുകളിൽ വെള്ളം കയറിയ മുൻകാല പ്രളയ സ്ഥിതിയുണ്ടായില്ല. ഇന്നലെ മഴയ്ക്ക് കുറവുണ്ടായത് ആശ്വാസകരമാണെങ്കിലും നാട്ടുകാരിൽ ആശങ്ക ഒഴിയുന്നില്ല. ദിവസങ്ങളോളം പാലം മുങ്ങിയത് മൂലം യാത്ര തടസപ്പെട്ട അറയാഞ്ഞിലിമണ്ണിൽ കഴിഞ്ഞ ദിവസത്തോടെ കോസ്വേ പാലത്തിൽ വെള്ളം ഇറങ്ങി. ഇതോടെ ഗതാഗതം ആരംഭിച്ചിട്ടുണ്ട്.
മൂക്കൻപെട്ടി പാലത്തിൽ കൈവരികൾ പുനഃസ്ഥാപിച്ചിട്ടില്ല. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനു മുമ്പ് നാട്ടുകാർ കൈവരികൾ അഴിച്ചു മാറ്റിവച്ചിരുന്നു. വെള്ളപ്പൊക്ക സാധ്യത പൂർണമായും മാറിയ ശേഷം കൈവരികൾ സ്ഥാപിക്കാനാണ് തീരുമാനം. വെള്ളപ്പൊക്കത്തിൽ പാലത്തിനോട് ചേർന്ന് അടിഞ്ഞു കിടന്ന തടികൾ നീക്കി. സമീപത്തെ കലുങ്കിൽ കോൺക്രീറ്റ് സ്ലാബുകൾ വെള്ളപ്പൊക്കത്തിൽ ഇളകി മാറിയ നിലയിലാണ്. എയ്ഞ്ചൽവാലി പാലത്തിലും ഗതാഗത തടസങ്ങളില്ല. പ്രളയങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കുന്ന ഈ പാലങ്ങൾ എല്ലാം ജനകീയ പങ്കാളിത്തത്തോടെ നിർമിച്ചതാണ്.