മൃതദേഹങ്ങള്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍.
നെടുങ്കണ്ടം: എഴുകുംവയലില്‍ മകന് കുത്തിക്കൊലപ്പെടുത്തിയ പാറത്തറയില്‍ ആന്റണിയുടെയും(59) വത്സമ്മയുടെയും(55) സംസ്കാരം നടന്നു. ഇരുവരെയും അവസാനമായി കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ആയിരങ്ങളാണ് വീട്ടിലും പള്ളിയിലും എത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെത്തിച്ചത്. മൂത്തമകന് നിതിന്‍ പുതുതായി പണി കഴിപ്പിച്ച വീട്ടിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. വിദേശത്തായിരുന്ന നിതിന്‍ പുലര്‍ച്ചെ നാട്ടിലെത്തിയിരുന്നു. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ മാതാവ് ചിന്നമ്മയും സംസ്കാരത്തിന് എത്തിയിരുന്നു.
സേനാപതി വേണു എംഎല്‍എ ഉള്‍പ്പെടെ നിരവധി ജനപ്രതിനിധികളും പ്രമുഖരും സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. മൂന്നോടെ വീട്ടില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്കുശേഷം എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ ഇരുവരുടെയും മൃതദേഹം സംസ്കരിച്ചു.
ലഹരി ഉപയോഗിക്കാനായി
പണം നൽകാതിരുന്നതും
പകയായെന്നു സൂചന
നെടുങ്കണ്ടം: മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാതിരുന്നതിനും ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിച്ചതിനുമെന്ന് സൂചന. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി അജീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന ഇയാള്‍ പലരുടെ പക്കൽനനിന്നും ലോണ്‍ ആപ്പുകളില്‍നിന്നും വായ്പകള്‍ എടുത്തിരുന്നു. പല ആപ്പുകളില്‍നിന്നായി വലിയ സംഖ്യയാണ് ബാധ്യതയായി വന്നത്. ഇവയുടെ തിരിച്ചടവ് മുടങ്ങിയതോടെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് ഇയാള്‍ നീങ്ങിയിരുന്നു. പലപ്പോഴും മാതാപിതാക്കള്‍ വായ്പാ തിരിച്ചടവിന് പണം നല്‍കിയിരുന്നു.
എന്നാല്‍, ഇത് സ്ഥിരമായതോടെ ഇവര്‍ പണം നല്കാതായി. ഇതിലുണ്ടായ പകയും കൊലപാതകത്തിന് കാരണമായതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം മാസങ്ങൾക്കു മുന്‍പേ
ആസൂത്രണം ചെയ്തിരുന്നു
മാതാപിതാക്കളെ കൊലപ്പെടുത്താന്‍ മാസങ്ങള്‍ക്കു മുമ്പേ മകന് അജീഷ് പദ്ധതിയിട്ടിരുന്നു. ഇതിനായി മാസങ്ങള്‍ക്കു മുമ്പേ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായാണ് ചോദ്യം ചെയ്യലില്‍ പോലീസിനു ലഭിച്ച സൂചന.
ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ബുധനാഴ്ചയോ വ്യാഴാഴ്ചയോ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.