കുമളി: ജില്ലയിലെ മലയോര മേഖലകളില്‍ പോത്തിറച്ചിയെന്ന പേരില്‍ കാളയിറച്ചി വില്പന നടത്തി ഉപയോക്താക്കളെ വഞ്ചിക്കുന്നതായി പരാതി. തമിഴ്നാട് അതിര്ത്തികളില്നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതോടെ ബീഫ് വില കിലോയ്ക്ക് 450 മുതല്‍ 500 രൂപ വരെയായി ഉയര്‍ന്നിരുന്നു. ഇതിന്റെ മറവിലാണ് പോത്തിറച്ചിയെക്കാള് വില കുറഞ്ഞ കാള, പശു എന്നിവയുടെ ഇറച്ചി തുല്യവില ഈടാക്കി വ്യാപാരികള്‍ വില്‍പ്പന നടത്തുന്നത്. മാംസം മുറിച്ചുവയ്ക്കുമ്പോള് ഉപയോക്താക്കള്‍ക്ക് ഇതു പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഭൂരിഭാഗം സ്റ്റാളുകളിലും ഏതിനം മാംസമാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കാറില്ല.
വിപണിയില്‍ വ്യാപാരികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിതവില ഈടാക്കുന്നതിനെതിരേ കുമളി, അണക്കര, വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടിക്കെതിരേ തദ്ദേശ സ്ഥാപനങ്ങളും സിവില്‍ സപ്ലൈസ് ഭക്ഷ്യസുരക്ഷാ വകുപ്പുകളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിപണിയില്‍ കര്‍ശന പരിശോധന നടത്തി പോത്തിറച്ചിക്കും കാളയിറച്ചിക്കും വെവ്വേറെ വിലവിവരപ്പട്ടികയും ബോര്‍ഡുകളും നിര്‍ബന്ധമാക്കണമെന്നും വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : beef Nattuvishesham district news