സ്മൃതി വന്ദനം 2026 സംസ്ഥാനതല പരിപാടി തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ അച്യുത മേനോന
ഉള്ളൂര്‍: സ്വന്തം കുടുംബാംഗത്തിന്റെ വിയോഗം തീര്‍ത്ത തീരാവേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാന്‍ തയാറായ അവയവദാതാക്കളുടെ കുടുംബങ്ങള്‍ കാട്ടിയത് സമാനതകളില്ലാത്ത മാതൃകയാണെന്ന് മന്ത്രി കെ. മുരളീധരന്.
സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്മൃതി വന്ദനം 2026 സംസ്ഥാനതല പരിപാടി തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ അച്യുത മേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2025 ഓഗസ്റ്റ് മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മരണാനന്തരം അവയവദാനം നിര്‍വഹിച്ച 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. അവയവ-ടിഷ്യു ദാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനും നല്കിയ സംഭാവനകള്‍ക്ക് ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള, ഓര്‍ഗന്‍ ഫൗണ്ടേഷന് ഓഫ് കേരള, ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ സീനിയര്‍ സിഎല്‍സി, സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ മൂഴിക്കുളം ഏരിയ കൗണ്‍സില്‍, സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ സെന്റ് മേരീസ് കോണ്‍ഫറന്‍സ് ചെങ്ങാലൂര്‍, പൗലോസ് താഴേക്കാട് നേത്രദാന ഫോറം എന്നീ സംഘടനകളെയും വ്യക്തിഗത വിഭാഗത്തില്‍ കെ.എ. അഗസ്റ്റിന്, കുമാരി വന്ദന ശ്രീനിവാസന് എന്നിവരെയുമാണ് ആദരിച്ചത്. കെ-സോട്ടോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനവും പുതിയ ടോള്‍ഫ്രീ നമ്പറായ 1800-425-0048-ന്റെ ലോഞ്ചിംഗും ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി. മീനാക്ഷി നിര്‍വഹിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലിസ് ദീപക് ധന്‍ഖര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.കെ. ജബ്ബാര്‍, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ സഞ്ജയ് ബെഹാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിന്ദു മോഹന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രഞ്ജു രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Minister