സുല്‍ത്താന്‍ ബത്തേരി: വിപണിയില്‍ കോഴിയിറച്ചി കിലോഗ്രാമിന് 250 രൂപവരെ വിലയുണ്ടെങ്കിലും അതിന്റെ ഗുണം ലഭിക്കാതെ ജില്ലയിലെ കോഴിക്കര്‍ഷകര്‍.
ഉത്പാദനച്ചെലവിലുണ്ടായ വര്‍ധനവാണ് ഇതിനു കാരണം. ഒരു മാസത്തിനിടെ കോഴിത്തീറ്റ വില ചാക്കിന് 500 രൂപയാണ് വര്‍ധിച്ചത്. 2,000 രൂപയ്ക്ക് ലഭ്യമായിരുന്ന കോഴിത്തീറ്റ ചാക്കിന് ഇപ്പോള്‍ 2,500 രൂപ നല്‍കണം.
വൈദ്യുതി ചാര്‍ജ്, മരുന്നുകളുടെ വില, തൊഴിലാളികളുടെ വേതനം, ഗതാഗതച്ചെലവ് എന്നിവയും വര്‍ധിക്കുകയാണ്. ജില്ലയില്‍ ഉപ വരുമാനമാര്‍ഗമായി കോഴിക്കൃഷി നടത്തുന്ന കര്‍ഷകരുടെ എണ്ണം കുറയുകയാണ്. ചെറുകിട കര്‍ഷകര്‍ കോഴിവളര്‍ത്തല്‍ ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. 40 ദിവസത്തോളം വളര്‍ത്തിയാണ് ഇറച്ചിക്കോഴികളെ വിപണിയിലെത്തിക്കുന്നത്.
തീറ്റയുടെ ഗുണനിലവാരം കുറഞ്ഞതിനാല്‍ കോഴിക്ക് പ്രതീക്ഷിച്ച തൂക്കം ലഭിക്കാത്തതും കര്‍ഷകരുടെ സാമ്പത്തികഭാരം കൂട്ടുകയാണ്. ചെറുകിട ഫാം ഉടമകളില്‍ പലരും പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ തയാറാകുന്നില്ല. ഇതിനിടെ വന്‍കിട കമ്പനികള്‍ കരാര്‍ വ്യവസ്ഥയിലുള്ള വളര്‍ത്തല്‍ വ്യാപിപ്പിക്കുകയാണ്.
കമ്പനികള്‍ നല്കുന്ന കുഞ്ഞുങ്ങളെ നിശ്ചിതകാലം വളര്‍ത്തി തിരികേ നല്കുമ്പോള് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് മികച്ച കമ്മീഷനല്ല. ജില്ലയില്‍ കോഴിക്കൃഷി കുറയുന്നത് വിപണിയില്‍ ചിക്കന്‍ ലഭ്യതയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ആവശ്യത്തിന് ഉത്പാദനം നടക്കാത്തപക്ഷം ഓണക്കാലത്ത് കോഴിയിറച്ചി വില കുതിച്ചുയരാനിടയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
കോഴിത്തീറ്റ വിലക്കയറ്റം നിയന്ത്രിക്കാനും ചെറുകിട കര്‍ഷകര്‍ക്ക് സബ്സിഡിയും പലിശരഹിത വായ്പയും ലഭ്യമാക്കാനും ഉത്പാദകര്‍ക്ക് ന്യായവില ഉറപ്പാക്കാനും നടപടി ഉണ്ടാകണമെന്നാണ് ജില്ലയില്‍ പൗള്‍ട്രി രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Wayanad