സുൽത്താൻ ബത്തേരി: കടുത്ത വരൾച്ചയും വന്യമൃഗശല്യവും വനഗ്രാമമായ നൂൽപ്പുഴയിലെ രാംപള്ളിയിലെ കർഷകർ പ്രതിസന്ധിയിൽ.
പത്തേക്കറോളം കൃഷിയാണ് വെള്ളമില്ലാത്തതിനാൽ ഉണക്കിന്റെ പിടിയിലായിരിക്കുന്നത്. കൂടാതെ രാപകൽ വ്യത്യാസമില്ലാതെ വന്യമൃഗശല്യം കൂടിയായതോടെ എന്തുചെയ്യണെന്നറിയാത്ത അവസ്ഥയിലാണ് നെൽകൃഷി ഇറക്കിയ കർഷകർ. നാല് വശവും വനത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ ഇത്തവണ കാര്യമായി മഴലഭിച്ചില്ല. രാംപള്ളിയിൽ പട്ടയമുള്ളതും ലീസിലുമായി 40 ഏക്കർ വയലാണുള്ളത്.
മഴ ലഭിക്കാത്തതിനാൽ ഇത്തവണ കൃഷിയിറക്കിയത് പതിനഞ്ചോളം കർഷകർ മാത്രമാണ്. നെൽകൃഷിയാണ് ഗ്രാമത്തിലുള്ളവരുടെ പ്രധാനവരുമാമാർഗം. മുൻവർഷങ്ങളിൽ നല്ല മഴലഭിക്കുകയും നേരത്തെ തന്നെ കൃഷിയിറക്കി നല്ലവിളവും ലഭിച്ചിരുന്നു. പക്ഷേ ഇത്തവണ ഏറെ വൈകിയാണ് വിത്തിറക്കിയത്. പക്ഷേ ലഭിച്ച മഴവെള്ളത്തിൽ നിലമൊരുക്കി കൃഷിയിറക്കിയ കർഷകരാണ് പ്രതിസന്ധിയിലായത്. കനത്ത ചൂടിൽ വയലുകൾ വറ്റിവരണ്ട് വിള്ളൽ വീണുതുടങ്ങി. വയലിലെ ചെളിയുടെ മേൽപ്പാളി വെയിലിൽ ഉണങ്ങി വിട്ടുപോരാൻ തുടങ്ങിയതോടെ നെൽച്ചെടികൾ ഉണങ്ങി നശിക്കാനും തുടങ്ങിയിരിക്കുകയാണ്.
ഗ്രാമത്തിനുസമീപത്തുകൂടി പുഴയൊഴുകുന്നുണ്ടെങ്കിലും ഇവിടെ നിന്ന് വെള്ളം പന്പ് ചെയ്ത് വയലിലേക്ക് എത്തിക്കാൻ സംവിധാനമൊരുക്കാൻ അധികൃതർ തയാറാകാത്തതും കർഷകരുടെ പ്രതീക്ഷകളെ തകിടംമറിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുന്പ് പുഴയിൽ നിന്ന് ഡീസൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് വയലുകളിൽ എത്തിക്കാനായി നിർമിച്ച കനാൽ തകരുകയും പദ്ധതി നിലയ്ക്കുകയും ചെയ്തു. പിന്നീട് കർഷകരുടെ നിരന്തരം ആവശ്യപ്രകാരം ത്രീഫേസ് വൈദ്യുതി ലൈൻ ഗ്രാമത്തിൽ എത്തിച്ചു.
പക്ഷേ പുഴയിലേക്ക് എത്താനുള്ള 50മീറ്റർ ദൂരം വനമാണ്. ഇതിലൂടെ വൈദ്യുതി എത്തിക്കാൻ വനംവകുപ്പ് അനുമതി നൽകാത്തതിനാൽ പന്പ് ഹൗസ് സ്ഥാപിച്ച് വെള്ളം പന്പ് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ ആരോപണം. ഇതിനുപരിഹാരം കണ്ടാൽ നിലവിൽ പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാനുകമെന്നാണ് കർഷകർ പറയുന്നത്.
ഇതിനപുറമേ വനഗ്രാമത്തിനുചുറ്റും ഫെൻസിംഗ് സംവിധാനം ഇല്ലാത്തതിനാൽ വന്യമൃഗശല്യവും രൂക്ഷമാണ്. സന്ധ്യമയങ്ങിയാൽ കൂട്ടമായി ഇറങ്ങുന്ന മാനുകൾ അവശേഷിക്കുന്ന പച്ചപ്പുള്ള നെൽച്ചെടികൾ തിന്നുനശിപ്പിക്കുകയാണെന്നും കർഷകർ പറയുന്നു. നെൽകൃഷിയിറിക്കിയ വയലകൾക്ക് ചുറ്റും വലകൊണ്ട് ഫെൻസിംഗ് തീർത്തിട്ടുണ്ടെങ്കിലും അതെല്ലാം തകർത്താണ് മാനുകൾ വയലുകളിൽ പ്രവേശിക്കുന്നത്. ഇതിനുപുറമേ കാവൽ കിടിന്നിട്ടും കാര്യമില്ലെന്നാണ് കർഷകർ പറയുന്നത്. നെൽകൃഷി നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഗ്രാമത്തിൽ ജലസേചന സൗകര്യമൊരുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
Tags : Nattuvishesham Districtnews Deepikanews Farmers in Rampalli