ആലപ്പുഴ: അമ്പലപ്പുഴ–തുറവൂർ തീരദേശ റെയിൽപ്പാതയുടെ ഇരട്ടിപ്പിക്കലിനാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി റവന്യു മന്ത്രി എ.പി. അനിൽകുമാറിന് കത്തയച്ചു. സ്ഥലമേറ്റെടുപ്പ് നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനം രൂപീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
അതോടൊപ്പം റെയിൽവേ അധികൃതരുടെയും, സ്ഥലമേറ്റെടുപ്പിനായി നിയോഗിക്കപ്പെട്ട റവന്യു ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ആലപ്പുഴയിൽ അടിയന്തരമായി വിളിച്ചുചേർത്ത് തുടർനടപടികൾ ഏകോപിപ്പിക്കണം.
പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ റെയിൽവേ മന്ത്രാലയം ടെൻഡർ നടപടികളിലേക്ക് കടന്ന സാഹചര്യത്തിൽ, ഭൂമി ഏറ്റെടുത്ത് നൽകുന്നതിൽ കാലതാമസം ഉണ്ടാകരുത്. അമ്പലപ്പുഴ–തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ ആലപ്പുഴയുടെ ഗതാഗത വികസനത്തിനും തീരദേശ മേഖലയിലെ ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഏറെ നിർണായകമായ പദ്ധതിയായതിനാൽ, നടപടികളിൽ യാതൊരു കാലതാമസവും ഉണ്ടാകരുതെന്നും കെ.സി. വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Fast-track