വി.എന്‍. വാസവന്
ഈരാറ്റുപേട്ട: ജീവിതം വഴിമുട്ടിയ ഈരാറ്റുപേട്ടയിലെ വ്യാപാരികള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ധനസഹായം നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.എന്‍. വാസവന്. റാന്നി മണ്ഡലം സന്ദര്‍ശിച്ച മുഖ്യമന്ത്രി, തൊട്ടടുത്ത മണ്ഡലമായ പൂഞ്ഞാറും സന്ദര്‍ശിക്കണമായിരുന്നു. വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 10,000 രൂപ കടകള്‍ വൃത്തിയാക്കാനുള്ള ചെലവിന് പോലും തികയില്ല. പുതിയ വ്യവസായം തുടങ്ങേണ്ടവര്‍ക്ക് പലിശരഹിത വായ്പ നല്‍കണം. കൂട്ടിക്കല്‍ ഉരുള്പാട്ടലുണ്ടായപ്പോള് അങ്ങനെ ചെയ്തിരുന്നു. വൈദ്യുതിബന്ധം എല്ലായിടത്തും പുനഃസ്ഥാപിച്ച് ജനജീവിതം പഴയനിലയിലാക്കണം. പശു, ആട്, താറാവ്, പന്നി എന്നിവയെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കണം. ക്യാമ്പുകളില്‍ അസൗകര്യമാണെന്ന പരാതി വ്യാപകമായി.
അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയത് ക്യാമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കുമരകത്ത് ആംബുലന്‍സ് കിട്ടാതെ സ്ത്രീ മരിച്ചു. ചില ക്യാമ്പുകളില്‍ കുടിവെള്ളമില്ല. ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. 320 കടകളിലും ഏഴുനൂറോളം വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ ഹോജാസ് സൂപ്പര്‍ മാര്‍ക്കറ്റ്, ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന ഇളപ്പുങ്കല്‍-വട്ടുകൊട്ട കാരയ്ക്കാട് പാലവും വി.എന്‍. വാസവന് സന്ദര്‍ശിച്ചു.
Tags : Nattuvishesham Local News Financial assistance V.N. Vasavan