പെരുവ കുന്നപ്പിള്ളിയില്‍ കത്തിനശിച്ച ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനി.
പെരുവ: കുന്നപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനിയില്‍ തീപിടിത്തം. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ഉടമ തലയോലപ്പറമ്പ് സ്വദേശി ആല്വിന് ജോര്‍ജ് അരയത്തില്‍ പറഞ്ഞു. പിസിബി എന്ന പേരിലുള്ള കമ്പനിയാണ് പൂര്‍ണമായും കത്തിനശിച്ചത്. കമ്പ്യൂട്ടറുകളുടെ മദര്‍ബോര്‍ഡുകള്‍, ചിപ്പുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിച്ചിരുന്ന സ്ഥാപനത്തിലാണ് ഇന്നലെ ഉച്ചയോടെ തീപിടിത്തമുണ്ടായത്.
സംഭവസമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി പുറത്തേക്കു മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല. എയര്‍ കണ്ടീഷനിംഗ് സംവിധാനത്തില്നിന്നുണ്ടായ തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്നു വര്‍ഷമായി സ്ഥാപനം പ്രവര്‍ത്തിച്ചു വരികയായിരുന്നുവെങ്കിലും ഔദ്യോഗികമായി ഉദ്ഘാടനം നടത്തിയിട്ടില്ല. ഈ വര്‍ഷം ഡിസംബര്‍ 27ന് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : NattuVishesham DistrictNews