നാത്തുകടവ് വെള്ളം കയറിയ പ്രദേശത്തെ ആളുകളെ മാറ്റുന്നു.
മാന്നാർ: പ്രളയം നാശം വിതച്ച അപ്പർ കുട്ടനാടൻ പ്രദേശങ്ങൾ പൂർണമായും മുങ്ങി. മാന്നാർ, ചെന്നിത്തല, ബുധനൂർ, കടപ്ര പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി. 2018 ലെ പ്രളയത്തിന് സമാനമായ സാഹചര്യങ്ങളാണ് എങ്ങും നിലനിൽക്കുന്നത്.
മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ പാവുക്കര, വള്ളക്കാലി, മേൽപാടം എന്നിവിടങ്ങൾ വെള്ളത്തിനടയിലാണ്. ഈ പ്രദേശങ്ങളിൽ മാത്രമായി 200 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. റോഡുകളെല്ലാം വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്. വളർത്തുമൃഗങ്ങളെ മുൻകൂട്ടി തന്നെ പലരും കരയ്ക്കെത്തിച്ചിരുന്നു. വെള്ളം കയറാത്ത പാവുക്കര കടപ്ര മഠം ഭാഗത്ത് വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. മാന്നാർ, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകളിലായി 9 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 42 കുടുംബങ്ങളിലെ നൂറിലധികം അംഗങ്ങളാണ് ക്യാമ്പിലുള്ളത്.
ജില്ലയിൽ 41 ദുരിതാശ്വാസ ക്യാമ്പുകളിൽ 1986 പേർ
ആലപ്പുഴ: ജില്ലയിൽ വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1986 പേരെ മാറ്റിപ്പാർപ്പിച്ചു. ആകെ 41 ക്യാമ്പുകളിലായി 607 കുടുംബങ്ങളിലെ 811 പുരുഷന്മാരും 859 സ്ത്രീകളും 316 കുട്ടികളുമാണ് കഴിയുന്നത്.
ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ 25 ക്യാമ്പുകളിലായി 428 കുടുംബങ്ങളിൽ നിന്നുള്ള 1409 പേരാണ് കഴിയുന്നത്. ഇതിൽ 594 പുരുഷന്മാരും 603 സ്ത്രീകളും 212 കുട്ടികളുമുണ്ട്.
കാർത്തികപ്പള്ളി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 94 കുടുംബങ്ങളിൽ 303 പേരും കുട്ടനാട് താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 61 കുടുംബങ്ങളിൽ നിന്നുള്ള 193 പേരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കൂടാതെ മാവേലിക്കര താലൂക്കിലെ മൂന്ന് ക്യാമ്പുകളിലായി ഒമ്പത് കുടുംബങ്ങളിൽനിന്നുള്ള 37 പേരും അമ്പലപ്പുഴ താലൂക്കിലെ ഒരു ക്യാമ്പിൽ ആറ് കുടുംബങ്ങളിലെ 23 പേരും ചേർത്തല താലൂക്കിലെ മൂന്ന് ക്യാമ്പുകളിൽ ഒമ്പത് കുടുംബങ്ങളിലെ 21 പേരും കഴിയുന്നുണ്ട്.