പ്രതീകാത്മക ചിത്രം
തിരുവനന്തപുരം :കേരളത്തിൽ ആവർത്തിച്ചുണ്ടാകുന്ന പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി കായലുകളിലും നദികളിലും പുഴകളിലും വർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനുള്ള സമഗ്ര നടപടി സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് സാമൂഹ്യപ്രവർത്തകനായ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് . പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
കടലുമായി ചേരുന്ന അഴിമുഖങ്ങളിലും പൊഴിമുഖങ്ങളിലും ശാസ്ത്രീയ ഡ്രഡ്ജിംഗ് പതിവായി നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രദേശങ്ങളിൽ അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യുന്നതിലൂടെ മത്സ്യബന്ധന ബോട്ടുകൾക്കും മറ്റ് ചെറുകിട ജലഗതാഗത സംവിധാനങ്ങൾക്കും തടസമില്ലാതെ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കും. കൂടാതെ, കേരളത്തിലെ വലുതും ചെറുതുമായ നിരവധി മത്സ്യബന്ധന ഹാർബറുകളിലും പ്രത്യേകിച്ച് പുലിമുട്ടുകൾക്ക് സമീപം നിലവിൽ നേരിടുന്ന അപകടസാധ്യതകൾ കുറയ്ക്കാനും ഇത് സഹായകമാകും.
കായലുകളിലും അഴിമുഖങ്ങളിലും ആവശ്യമായ ആഴം നിലനിർത്തുന്നതിലൂടെ ജലപ്രവാഹം മെച്ചപ്പെടുകയും വെള്ളക്കെട്ട് കുറയുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനത്തിന് പകരം ദുരന്തസാധ്യത കുറയ്ക്കുന്ന മുൻകരുതൽ നടപടികൾക്ക് സർക്കാർ പരമപ്രാധാന്യം നൽകണമെന്നും പി. സ്റ്റെല്ലസ് അഭ്യർഥിച്ചു.
Tags : Nattuvishesham Local News P. Stellas Sand