പ്രതീകാത്മക ചിത്രം
കോതമംഗലം: ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് ശക്തിപ്രാപിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തുടരുന്നു. 24 മണിക്കൂറിനിടെ ഇടമലയാറില്‍ 42 മില്ലി മീറ്റർ, ലോവര്‍ പെരിയാറില്‍ 49 മില്ലി മീറ്റർ, ഭൂതത്താന്കെട്ടില് 37.7 മില്ലി മീറ്റർ എന്നീ അളവിലാണ് മഴ പെയ്തത്.
ഇടമലയാറില്‍ 24 മണിക്കൂറിനിടെ 0.8 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ രാവിലെ 149.26 മീറ്ററായിരുന്ന ജലനിരപ്പ് ഉച്ചയ്ക്ക് ഒന്നിന് 149.35 മീറ്ററായി. ആറു മണിക്കൂറിനിടെ ഒമ്പത് സെന്റീമീറ്റര്‍ ജലനിരപ്പ് കൂടി. ഡാം സംഭരണിയില്‍ 49.03 ശതമാനം വെള്ളമാണ് ഉള്ളത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെയാണ് ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ ഉയർച്ച ഉണ്ടായത്.
ലോവര്‍ പെരിയാര്‍ പദ്ധതിയുടെ പാംബ്ല അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി അളവില്‍ തുടരുകയാണ്. 253 മീറ്റര്‍ പരമാവധി സംഭരണശേഷി പിന്നിട്ടതോടെ ആണ് ഡാം തുറന്നത്. മൂന്ന് ദിവസമായി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കൻഡില്‍ 80,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ലോവര്‍ പെരിയാര്‍ ഡാമിന്റെ 100 ശതമാനം വെള്ളം സംഭരിച്ചിട്ടുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിന്റെ 14 ഷട്ടറുകൾ ഏഴ് മീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. ഒരു ഷട്ടർ തകരാറിലായതിനാൽ ഉയർത്താനായിട്ടില്ല.