കൊട്ടാരക്കര പുലമണ്‍ റോഡില്‍നിന്നും ഗോവിന്ദമംഗലം ഭാഗത്തേയ്ക്കുള്ള റോഡ് തകര്‍ന്ന നിലയില്‍
കൊട്ടാരക്കര: കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍നിന്നും ഗോവിന്ദമംഗലം റോഡിലേക്ക് കടക്കാനുള്ള റോഡിന്റെ ഗതികേട് മാറുന്നില്ല. ടൗണിലെ തിരക്കില്‍പ്പെടാതെ പുനലൂര്‍ റോഡിലേക്കും തിരികെയും സഞ്ചരിക്കാനുള്ള സമാന്തര പാതയാണ് വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്നത്. ചന്തമുക്കില്നിന്നുമുള്ള ലോട്ടസ് റോഡ് എംസി റോഡില്‍ വന്നുചേരുന്ന ഭാഗത്ത്, നേരെ എതിര്‍വശത്തായിട്ടാണ് തകര്‍ച്ചയിലായ പാത. ഇവിടെ പുലമണ്‍ തോടിന് കുറുകെ രണ്ടാം പാലം നിര്‍മിച്ചാണ് റോഡൊരുക്കിയത്.
എംസി റോഡില്‍നിന്നും സമാന്തര പാത തുടങ്ങുന്നിടത്ത് കൈയേറ്റങ്ങളിലൂടെ സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിച്ചതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും നിലനില്ക്കുന്നു. കെട്ടിടത്തിന്റെ കുറെ ഭാഗം ഇടിച്ച് മാറ്റിയിരുന്നു. നിലവിലുള്ള റോഡ് കോണ്‍ക്രീറ്റോ ടാറിംഗോ നടത്തിയാല്‍ വാഹന ഗതാഗതത്തിന് വലിയ ആശ്വാസമായി മാറും. വലിയ വാഹനങ്ങള്‍ക്ക് ഉള്‍പ്പടെ കടന്നുപോകാവുന്ന വീതിയുണ്ട്.
എപ്പോഴും വാഹനത്തിരക്കുള്ള, ഗതാഗത കുരുക്കുള്ള ഭാഗമാണ് പുലമണ്‍ ജംഗ്ഷന്. എംസി റോഡും കൊല്ലം- തിരുമംഗലം ദേശീയ പാതയും സംഗമിക്കുന്ന ഭാഗമാണിവിടം. എന്നാല്‍ ജംഗ്ഷന് തൊട്ടടുത്തായിട്ടാണ് പുനലൂര്‍ റോഡിലേക്ക് കടക്കാനുപകരിക്കുന്ന സമാന്തര പാതയുള്ളത്.
എംസി റോഡില്‍നിന്നു ഈ റോഡിലൂടെ കഷ്ടിച്ച് ഇരുന്നൂറ് മീറ്റര്‍ സഞ്ചരിച്ചാല്‍ ഗോവിന്ദമംഗലം റോഡിലേക്ക് എത്താം. ഇവിടെനിന്നു കൊല്ലം- തിരുമംഗലം ദേശീയ പാതയിലേക്ക് കടക്കാന്‍ എളുപ്പമാണ്. കുന്നിക്കോട്, പുനലൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കാണ് ഇതിന്റെ ഗുണം. ഈ സമാന്തര പാതയുടെ ആദ്യ പകുതി ഭാഗമാണ് ടാറിംഗോ കോണ്‍ക്രീറ്റോ ഇല്ലാത്തത്. പാലത്തിന് ശേഷമുള്ള ഭാഗം ടാറിംഗ് നടത്തിയിട്ടുണ്ട്.
എംസി റോഡില്‍നിന്നു സമാന്തര പാത തുടങ്ങുന്നിടത്ത് താഴ്ചയുള്ള ഭാഗമാണ്. ഇവിടെ കോണ്‍ക്രീറ്റ് നടത്താതെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്. മഴക്കാലത്ത് ഇവിടമാകെ ചെളിക്കുണ്ടായി മാറാറുമുണ്ട്. നഗരസഭ മുന്‍കൈയെടുത്താല്‍ മാത്രമേ ഈ സമാന്തര പാതയ്ക്ക് മോക്ഷമുണ്ടാവുകയുള്ളു. പുലമണ്‍ ജംഗ്ഷനിലെ ഗതാഗത കുരുക്കഴിക്കാന്‍ ബൈപ്പാസും മേല്പ്പാലവുമടക്കം വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും നടപ്പാക്കാനായിട്ടില്ല.
Tags : Nattuvishesham Local News