കാഞ്ഞങ്ങാട്: ഡിസംബർ മാസത്തിൽ രാത്രികാലങ്ങളിലുണ്ടായ കഠിനമായ തണുപ്പും പകൽനേരത്തെ കൊടുംചൂടും ഒത്തുചേർന്ന കാലാവസ്ഥ തീരദേശ മേഖലയിൽ ഇത്തവണ മാവും പ്ലാവും പതിവിലുമധികം പൂവിടാൻ വഴിയൊരുക്കി.
ഇതുവരെ പൂവിടാതിരുന്ന മാവുകൾ പോലും ഇക്കൊല്ലം പൂത്തു. പ്ലാവുകളിലും കുഞ്ഞുകായ്കൾ വിരിഞ്ഞു. അതേസമയം, മലയോരമേഖലയിൽ തണുപ്പും ചൂടും തമ്മിൽ അത്ര വലിയ അന്തരമില്ലാതിരുന്നതും മിക്കയിടങ്ങളിലും കാലംതെറ്റി പെയ്ത മഴയും ഈവർഷം ഉത്പാദനം താരതമ്യേന കുറയാനിടയാക്കുമെന്ന നിലയാണ്.
വലിയ തണുപ്പും ചൂടും മാറിമാറിവരുന്ന കാലാവസ്ഥ ഫലവൃക്ഷങ്ങളെ പൂവിടാൻ സഹായിക്കുന്ന ഹോർമോണിന്റെ അളവിൽ വർധനയുണ്ടാക്കുമെന്ന് കാർഷിക ശാസ്ത്രജ്ഞർ പറയുന്നു. മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശവും രാത്രികാലത്തെ തണുപ്പും പകൽനേരത്തെ വെയിലും മാവുകളിൽ ഫ്ലവറിംഗ് ഹോർമോണിന്റെ ഉദ്പാദനം വർധിപ്പിക്കുന്നതാണെന്ന് കൃഷിശാസ്ത്രജ്ഞനും കേരള കാർഷിക സർവകലാശാലയിലെ മുൻ അധ്യാപകനുമായ ഡോ. കെ.എം. ശ്രീകുമാർ പറഞ്ഞു.
പകൽസമയത്തെ കനത്ത ചൂടിൽ അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് പൂപ്പൽ ബാധ കുറയ്ക്കാനും വഴിയൊരുക്കുന്നു. ഇത് മാവിലും പ്ലാവിലും കായ്കൾ കൂടുതലായി വളർന്നുവരാൻ അനുകൂലമായ സാഹചര്യമാണ്.
അതേസമയം, മലയോരത്ത് കഴിഞ്ഞമാസം പകൽനേരത്തും അത്ര വലിയ ചൂടില്ലാതിരുന്നതും ഇടയ്ക്കിടെ പെയ്ത മഴയുമാണ് ഉത്പാദനം കുറയാൻ കാരണമാക്കിയതെന്നാണ് സൂചന. എങ്കിലും മഴ മാറി അന്തരീക്ഷം തെളിഞ്ഞതോടെ ഇപ്പോൾ പലയിടങ്ങളിലും മാവുകൾ പൂത്തു തുടങ്ങിയിട്ടുണ്ട്.
മാങ്ങയുടെ കാര്യത്തിൽ കണ്ണിമാങ്ങാക്കാലം മുതൽ അച്ചാറിടുന്നതിനും പഴുത്ത മാങ്ങയുടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനും പലയിടങ്ങളിലും പ്രാദേശികതലത്തിൽ സ്വയംസഹായ സംഘങ്ങളുൾപ്പെടെ സജീവമായതിനാൽ വെറുതേ നശിച്ചുപോകുന്നത് താരതമ്യേന കുറവാണ്. എന്നാൽ, ചക്ക കൂടുതലായി വിളഞ്ഞാലും കൃത്യമായി പറിച്ചെടുക്കുന്നതിനോ ഉപയോഗപ്പെടുത്തുന്നതിനോ സംവിധാനമില്ലാതെ മഴക്കാലം തുടങ്ങുമ്പോഴേക്കും എല്ലാം വീണടിയുന്ന നിലയാണ് മുൻവർഷങ്ങളിലുണ്ടായത്.
കൃഷിവകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങൾ ഏറെയുണ്ടാകുന്നുണ്ടെങ്കിലും പ്രാവർത്തികമാകുന്നത് വളരെ കുറവാണ്. ഇത്തവണയെങ്കിലും ബന്ധപ്പെട്ടവർ കാലേകൂട്ടി തയാറെടുപ്പുകൾ നടത്തി അതിനൊരു മാറ്റമുണ്ടാക്കുമോ എന്നാണ് കർഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.