രാമങ്കരി: വെളിയനാട് ബിആർസി നേതൃത്വത്തിൽ കിടങ്ങറ ഗവ ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച നാട്ടുപാട്ട് ചങ്ങാത്തം നാടൻപാട്ട് ശില്പശാല കുരുന്നു മനസ്സുകളിൽ അവധിക്കാല വിസ്മയമായി. നാടൻ പാട്ടിന്റെ താളത്തിനൊപ്പം ആടിയും പാടിയും ചുവട് വെച്ചും കൈകൊട്ടിക്കളിച്ചും അവർ ആസ്വാദനത്തിന്റെ ലോകത്ത് കറങ്ങി നടന്നപ്പോൾ മണിക്കൂറൂകൾ കടന്നുപോയത് അവരറിഞ്ഞതേയില്ല.
സംസ്ഥാന ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും അദ്ധ്യാപകനുമായ പുന്നപ്ര ജ്യോതികുമാറും മങ്കൊന്പ് ബി ആർ സിയിലെ അധ്യാപകനായ ശ്രീജിത്ത്, സുജിത്ത് കൈനകരി എന്നിവർ ചേർന്നു നേതൃത്വം നൽകിയ നാടൻപാട്ട് ശില്പശാലയിലായിരുന്നു കുട്ടനാടിന്റെ തനത് കലയായ നാടൻപാട്ടിന്റെ ഈണം അവർ ഓരോരുത്തരായി ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി ആടിത്തിമിർത്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3 ഓടെ ആയിരുന്നു പരിപാടി. ബി ആർ സി ക്ക് കീഴിലുള്ള നിരവധി കുട്ടികളാണ് പരിപാടിയിൽ പങ്കാളികളായത്. ഇവർക്കൊപ്പം മറ്റ് കലാകാരന്മാരായ അദ്ധ്യാപകരും സംഘാടകരും കൂടി ചേർന്നതോടെ കുട്ടികൾ അറിയാതെതന്നെ അവരുടെ പരിമിതികളെ മറികടക്കുകയായിരുന്നു. ബി പി സി സൽമോൻ, ബി ആർ സി ട്രയിനർ ഷിഹാബ് നൈന, ബിആർസി മാരായ ബിവിൻ , രേവതി, നീതു എന്നിവർ പ്രസംഗിച്ചു. ഗിരിഷ് ചന്പക്കുളം സി കെ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Folk song friendship workshop