പ്രതീകാത്മക ചിത്രം
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലും നിലമ്പൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും നാശം വിതയ്ക്കുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നടപടികള്‍ എങ്ങുമെത്തിയില്ല. ഇതോടെ വനംവകുപ്പിന്റെ നിഷ്ക്രിയത്വത്തിനെതിരേ കര്‍ഷകരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ജൂലൈ 28-ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ കനോലി പ്ലോട്ടിലെ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍, ശല്യക്കാരായ കാട്ടാനകളെ പന്തീരായിരം ഉള്‍വനത്തിലേക്ക് കയറ്റിവിടുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
നോര്‍ത്ത് ഡിഎഫ്ഒ പരിശീലനത്തിന്റെ ഭാഗമായി രണ്ടു മാസത്തേക്ക് മാറിനിന്നതോടെ വനംവകുപ്പിന്റെ ഇടപെടലുകള്‍ പൂര്‍ണമായും നിലച്ച മട്ടാണ്.
നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപ്പുഴ, വല്ലുവശേരി സ്റ്റേഷന് പരിധികളിലും എടവണ്ണ റെയ്ഞ്ചിലെ എടക്കോട്, അകമ്പാടം സ്റ്റേഷന് പരിധികളിലുമാണ് കാട്ടാനശല്യം ഏറ്റവും രൂക്ഷം. ഒറ്റയാന്മാരും മോഴയാനകളുമടക്കം 12-ലധികം കാട്ടാനകളാണ് ഈ മേഖലകളില്‍ തമ്പടിച്ചിരിക്കുന്നത്. പൂക്കോട്, കാനക്കുത്ത്, പെരുവമ്പാടം എന്നിവിടങ്ങളില്‍ കൃഷിയിടങ്ങളോട് ചേര്‍ന്ന് എത്ര ആനകളുണ്ടെന്നതിന്റെ കണക്കെടുപ്പ് പോലും വനംവകുപ്പ് ഇതുവരെ നടത്തിയിട്ടില്ല.
‘ഉറപ്പ് ഉടനടി പാലിക്കണം’
കാട്ടാനശല്യം മൂലം ചാലിയാര്‍ പഞ്ചായത്തിലെ ജനജീവിതം പൂര്‍ണമായും ദുസഹമായിരിക്കുകയാണ്. വനംവകുപ്പ് നല്കിയ ഉറപ്പ് ഉടനടി പാലിക്കണം. ഇതിന് പുറമെ അകമ്പാടം വില്ലേജ് ഇഎസ്എ പരിധിയില്‍ ഉള്‍പെട്ടതോടെ ജനങ്ങള്‍ ഇരട്ട പ്രഹരത്തിലാണ്.
സഹില്‍ അകമ്പാടം (ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്)
‘അധികൃതരുടെ വാക്കുകളില്‍ വിശ്വാസമില്ല’
വനംവകുപ്പിന്റെ വാക്കുകള്‍ ഇനി വിശ്വസിക്കാനാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 തവണയാണ് കാട്ടാനകള്‍ എന്റെ കൃഷി നശിപ്പിച്ചത്. ഒമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം നല്കാന് അധികൃതര്‍ തയ്യാറായിട്ടില്ല.
നാലകത്ത് സിദ്ദിഖ് (കര്ഷകന്, മതില്‍മൂല)
ആര് അധികാരത്തില്‍ വന്നാലും കാട്ടാനശല്യം തടയാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
സാബു പൊന്മേലില് (പൊതുപ്രവര്ത്തകന്)
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. ഇതിനൊരു ശാശ്വത പരിഹാരം വേണമെങ്കില്‍ ശല്യക്കാരായ ആനകളെ പന്തീരായിരം ഉള്‍വനത്തിലേക്ക് തന്നെ തുരത്തണം.
ബഷീര്‍ കാട്ടുമുണട (ഗ്രാമപഞ്ചായത്തംഗം)
ജനവാസ മേഖലകളില്‍ ആനകള്‍ തമ്പടിച്ചിട്ടും വനംവകുപ്പ് അനങ്ങുന്നില്ല. നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ അനിവാര്യമാണ്.
സലാം ആലുങ്ങത്തില് (കര്ഷകന്)