മാടത്തിൽ പകലും കാവലിരിക്കുന്ന കർഷകൻ രവി.
സുൽത്താൻ ബത്തേരി: നൂൽപ്പുഴയിലെ വനഗ്രാമമായ മുത്തങ്ങ രാംപള്ളിയിലാണ് നെൽകൃഷിയിറക്കിയതിനൊപ്പം കാവൽമാടങ്ങളും സജീവമായിരിക്കുന്നത്.
വനത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ 40 ഏക്കറോളം വയലാണുള്ളത്. ഇതിൽ ഇത്തവണ മഴക്കുറവ് കാരണം ഇരുപതോളം കർഷകർമാത്രമാണ് നെൽകൃഷിയിറക്കിയിട്ടുള്ളു. ഇവരാണ് കാവൽമാടമൊരുക്കി വിത്ത് ഇറക്കിയതുമുതൽ കാവൽ നിൽക്കുന്നത്. വയലുകൾക്കു സമീപവും മരങ്ങൾക്കുമുകളിലുമായാണ് കാവൽമാടങ്ങൾ തീർത്തിരിക്കുന്നത്. മുൻവർഷങ്ങളിൽ നിർമിച്ച ഏതാനും ചിലത് നവീകരിച്ചുമാണ് കർഷകർ രാപകൽ വ്യത്യാസമില്ലാതെ കാവൽ നിൽക്കുന്നത്.
പകൽ സമയങ്ങളിൽ ഇപ്പോൾ മുൻപില്ലാത്തവിധം കുരങ്ങ് ശല്യം രൂക്ഷമായിട്ടുണ്ട്. രാത്രികാലങ്ങളിൽ കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയവയുടെ ശല്യവുമുണ്ട്. അതിനാൽ കൃഷി സംരക്ഷിക്കാൻ രാത്രിയും പകലും കാവൽ കിടക്കേണ്ട അവസ്ഥയാണ്. വനത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ വയൽചുറ്റി പരസ്പരം കാണാൻ പറ്റുന്ന ദൂരത്തിലാണ് ഏറുമാടങ്ങളും കാവൽപുരകളും ഉള്ളത്. കാവൽമാടങ്ങൾക്ക് സമീപം വന്യമൃഗങ്ങളെ അകറ്റാൻ രാത്രി തീകൂട്ടിയിട്ടും പാട്ടകളും പാത്രങ്ങളും കൈയ്യിലേന്തി പരസ്പരംകൊട്ടി ശബ്ദമുണ്ടാക്കിയുമൊക്കെയാണ് കൃഷിയിടങ്ങളിലിറങ്ങിയിരുന്ന വന്യമൃഗങ്ങളെ ഓടിക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായുമൊക്കെയാണ് കർഷകർ കാവലിരിക്കുക.
ഇത്തവണ കട്ടിലടക്കം മരത്തിൽ കെട്ടിഉറപ്പിച്ച് നിറുത്തിയാണ് കർഷകർ കാവലിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. രാംപള്ളിയിൽ തന്നെ പത്തിലേറെ കാവൽമാടങ്ങളുണ്ട്. ഗ്രാമത്തിനു ചുറ്റും കിടങ്ങും ഫെൻസിംഗുമുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകാത്തതിനാലാണ് കർഷകർ കാവൽ മാടങ്ങൾ തീർത്ത് വിളസംരക്ഷിക്കുന്നത്. തൂക്ക് ഫെൻസിംഗ് സ്ഥാപിച്ച് ഗ്രാമത്തിനുചുറ്റും സുരക്ഷ കാര്യക്ഷമമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham Districtnews Deepikanews protect crops.