ആലപ്പുഴ: രാമങ്കരി മജിസ്ട്രേറ്റ് കോടതിയുടെയും ജുഡീഷ്യൽ ഓഫീസേഴ്സ് ക്വാർട്ടേഴ്സിന്റെയും ശിലാസ്ഥാപനം ആലപ്പുഴ ജില്ലാ കോടതി കോംപ്ലക്സിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ നിർവഹിച്ചു.
ലഭ്യമായ വിഭവശേഷി ഉപയോഗിച്ച് സൗകര്യങ്ങൾ പ്രദാനം ചെയ്യുമ്പോഴാണ് നിയമജ്ഞർക്കും മികച്ച രീതിയിൽ ജോലി ചെയ്യാൻ സാധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പറഞ്ഞു. ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം സംസ്ഥാനത്തെ കോടതികളെയും അവിടെ ലഭ്യമായ സൗകര്യങ്ങളെയും ജീവനക്കാരുടെ ലഭ്യതയെ കുറിച്ചും പരിശോധിച്ചു. അങ്ങനെയാണ് വാടക കെട്ടിടങ്ങളിൽ നിന്ന് സ്വന്തം ക്വാർട്ടേഴ്സിൽ താമസിക്കുവാൻ ജുഡീഷ്യൽ ഓഫീസർമാർക്ക് ക്വാർട്ടേഴ്സുകൾ വേണമെന്ന് തീരുമാനിച്ചത്.
കോടതികൾ കേവലം കെട്ടിടങ്ങളല്ല. നീതി ലഭ്യമാകുന്ന ഇടങ്ങളാണ്. ഇവിടെ അഭിഭാഷകർക്ക് മികച്ച അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ സാധിക്കുമ്പോഴാണ് മികച്ച നിലയിൽ നീതി ഉറപ്പാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ജഡ്ജ് സി.എസ്.ഡയസ് അധ്യക്ഷനായി. ജസ്റ്റിസ് വി.എം.ശ്യാംകുമാർ വിശിഷ്ടാതിഥിയായിരുന്നു. പിഡബ്ല്യുഡി ബിൽഡിംഗ് ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനീയർ ജെ.റാംലാ ബീവി പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ജി.ഗോപകുമാർ, ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യുട്ടർ അഡ്വ.ലജിത ഡിക്രൂസ്, ബാർ കൗൺസിലംഗം അഡ്വ.എസ്.സുധർശനകുമാർ, ബാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.വി.വിജയകുമാർ, അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ഷാജി എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.കെ.ബാലകൃഷ്ണൻ സ്വാഗതവും, ഡി.എൽ.എസ്.എ സെക്രട്ടറി പ്രമോദ് മുരളി നന്ദിയും പറഞ്ഞു.
Tags : Foundation stone nattuvishesham local news