കോഴിക്കോട്: സെൻട്രൽ മാർക്കറ്റിലെ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നിലവിൽ കോർപറേഷൻ സ്വീകരിച്ചിട്ടുള്ളതും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതുമായ കർമ പദ്ധതികൾ, അവയുടെ സമയക്രമം, ഇതിനകം നടപ്പിലാക്കിയ നടപടികളുടെ വിശദാംശങ്ങൽ എന്നിവ ഉൾപ്പെടുത്തി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സെൻട്രൽ മാർക്കറ്റിൽ കൂമ്പാരം കണക്കെയുള്ള മാലിന്യത്തിനും കറുത്ത അഴുക്കുവെള്ളത്തിനും നടുക്ക് ജോലി ചെയ്യേണ്ടി വരുന്ന ശുചീകരണ തൊഴിലാളികളുടെ ദുരിതത്തെ കുറിച്ച് അന്വേഷണം നടത്തി കോർപറേഷൻ സെക്രട്ടറി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇതേ വിഷയത്തിൽ ഏകദേശം അഞ്ച് വർഷം മുമ്പ് സമാനമായ സാഹചര്യത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സെൻട്രൽ മാർക്കറ്റ് സന്ദർശിക്കുകയും ചെയ്തിരുന്നു. കുടിവെള്ള സൗകര്യം, ശൗചാലയത്തിന്റെ അഭാവം, ജലവിതരണ സംവിധാനങ്ങളുടെ അഭാവം, കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ തുടങ്ങി ഗുരുതരമായ പ്രശ്നങ്ങൾ കമ്മീഷൻ കണ്ടെത്തിയിരുന്നു. വ്യാപാരികളും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതങ്ങളും സാമൂഹിക വിരുദ്ധരുടെ സാന്നിദ്ധ്യവും മാർക്കറ്റിലുള്ളതായി കമ്മീഷൻ കണ്ടെത്തിയിരുന്നു.
മാർക്കറ്റിലെ മാലിന്യം വെസ്റ്റ്ഹില്ലിലെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിലേക്ക് മാറ്റാനും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനും കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഓവർഹെഡ് ടാങ്ക് നിർമിച്ച് ജലവിതരണം ഉറപ്പാക്കുമെന്നും ശൗചാലയത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നും കോർപറേഷൻ കമ്മീഷനെ അറിയിച്ചിരുന്നു.
എന്നാൽ സന്ദർശനം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞിട്ടും അന്നത്തെ സാഹചര്യം ഇന്നും തുടരുന്നതായി കമ്മീഷൻ കണ്ടെത്തി. ഇതിനെ ഒരു പ്രാദേശിക ഭരണകൂടത്തിന്റെ സാധാരണ വീഴ്ചയായി കാണാനാവില്ല. ഉപജീവനത്തിനായി ഇത്തരം ഒരു സാഹചര്യത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വൃത്തിയുള്ള തൊഴിലിടം നിഷേധിക്കുന്നത് അവരോടുള്ള അവഗണനയും പൊതുജനാരോഗ്യത്തോടുള്ള കടുത്ത ഉത്തരവാദിത്തമില്ലായ്മയുമാണെന്ന് ഉത്തരവിൽ പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തബോധത്തെ കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളാണ് ഇപ്പോഴത്തെ സാഹചര്യം ഉയർത്തുന്നതെന്നും ഉത്തരവിൽ പറഞ്ഞു. 23 ന് രാവില 11 ന് വെസ്റ്റ്ഹിൽ പിഡബ്ല്യുഡി റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.