പകുതിപാലത്തിനു സമീപം റോഡിന് മുകളിൽ മരങ്ങളിൽ തങ്ങിനിൽക്കുന്ന പാറകൾ.
ചെറുതോണി: ഉരുൾപൊട്ടലിനെത്തുടർന്ന് ഇടിഞ്ഞുവീണ് മരങ്ങളിൽ തങ്ങിനിൽക്കുന്ന ഭീമൻ പാറകൾ യാത്രക്കാർക്കും താഴ്വാരത്തെ വീടുകൾക്കും ഭീഷണിയാവുന്നു. അടിമാലി-കുമളി ദേശീയപാതയിൽ പകുതിപ്പാലത്തിന് സമീപമാണ് അപകടനിലയിൽ പാറക്കല്ലുകൾ സ്ഥിതി ചെയ്യുന്നത്. ഉരുൾപൊട്ടലിൽ റോഡിലേക്കു വീണ പാറക്കല്ലുകൾ നീക്കിയെങ്കിലും നിരവധി പാറക്കഷണങ്ങൾ മരങ്ങളിൽ തങ്ങിനിൽക്കുകയാണ്.
പാറകൾ നീക്കംചെയ്യാൻ വൈകുന്നത് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ജീവനുതന്നെ ഭീഷണിയാകുമെന്നു നാട്ടുകാർ ആശങ്കപ്പെടുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് അടിമാലി-കുമളി ദേശീയപാതയിൽ പകുതിപാലത്തിനു സമീപം ഉരുൾപൊട്ടലുണ്ടായത്. മലമുകളിൽനിന്ന് ഭീമൻ പാറക്കല്ലുകൾ ദേശീയപാതയിലേക്ക് പതിച്ചിരുന്നു. നിരവധി വലിയ പാറകൾ റോഡിന് തൊട്ടുമുകളിലുള്ള മൺതിട്ടയിൽ ബലംകുറഞ്ഞ മരങ്ങളിൽ തങ്ങിനിൽക്കുന്നതാണ് അപകടഭീതി ഉയർത്തുന്നത്. ഏതു നിമിഷവും ഇവ റോഡിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്.
അപകടഭീഷണി നിലനിൽക്കുന്നതിനാൽ ഈ പാറകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News Giant boulders trees threat