രയറോം പള്ളിപ്പടി-ബീംബുംകാട്-എരുവാട്ടി റോഡ് തകർന്ന നിലയിൽ.
ആലക്കോട്: രയരോം പള്ളിപ്പടി–ബീംബുംകാട്–എരുവാട്ടി റോഡ് തകർന്നതോടെ യാത്ര ദുരിതമായി. ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എട്ടു കിലോമീറ്ററോളം ദൈർഘ്യമുള്ള പ്രധാന റോഡാണിത്.
1960-കളിൽ നാട്ടുകാരുടെ ശ്രമദാനത്തിലൂടെയാണ് റോഡ് നിർമിച്ചത്. പിന്നീട് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവ ഏറ്റെടുത്ത റോഡ് ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ സംരക്ഷണത്തിലാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. നിരവധി സ്കൂൾ വാഹനങ്ങളടക്കം ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ രണ്ടു കിലോമീറ്ററോളം ഭാഗം പൂർണമായും തകർന്ന നിലയിലാണ്. മഴ ശക്തമായതോടെ റോഡിന്റെ സ്ഥിതി കൂടുതൽ മോശമായി.
റോഡ് അടിയന്തരമായി റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews