ഗായത്രിയുടെ അടി സിപിഐ അംഗം പൂർണിമയുടെ തലയിൽ കൊള്ളുന്നു. മുകളിൽ തൂങ്ങിക്കിടക്കുന്ന ചട്ടിയും കാണാം.
മഞ്ചേശ്വരം: പൊതുവേ ഓണത്തിന് വലിയ പ്രാധാന്യമില്ലാതിരുന്ന ജില്ലയുടെ വടക്കേയറ്റത്തുപോലും സജീവമായിരുന്നു ഇത്തവണ ഓണക്കളികൾ. വോർക്കാടി പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ കണ്ണുകെട്ടി ചട്ടി ഉടയ്ക്കാനെത്തിയ കോൺഗ്രസ് വനിതാ അംഗത്തിന്റെ അടി സിപിഐ വനിതാ അംഗത്തിന്റെ തലയിൽ കൊള്ളുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കോൺഗ്രസ് അംഗം ഗായത്രിയാണ് കണ്ണുകെട്ടി വടിയുമായി ചട്ടി ഉടയ്ക്കാനെത്തിയത്. എന്നാൽ നേരെചെന്ന് ചട്ടിക്കു പകരം കളി നിയന്ത്രിക്കാനെത്തിയ സിപിഐ അംഗം പൂർണിമയുടെ നിറുകയിൽ തന്നെ അടിക്കുകയായിരുന്നു. അടികൊണ്ട പൂർണിമയുടെ തൊപ്പി താഴെവീഴുന്നതും അവർ തല പൊത്തിപ്പിടിച്ച് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഓർക്കാപ്പുറത്ത് അടികൊണ്ടതിന്റെ വേദനയല്ലാതെ പൂർണിമയ്ക്ക് മറ്റു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. കണ്ണുകെട്ടി വടിയും വീശി ഒരാൾ വരുമ്പോൾ വഴിമാറിക്കൊടുക്കാതെ നേരെ മുന്നിൽ ചെന്നു നിന്നുകൊടുത്ത സിപിഐ അംഗത്തിനുനേരെ സമൂഹമാധ്യമങ്ങളിൽ ട്രോൾമഴയാണ്. യുഡിഎഫ് അംഗം ഇത് മനപൂർവം ചെയ്തതാണെന്നും കണ്ണുകെട്ടിക്കൊടുത്ത ബിജെപി അംഗം തുളസി യുഡിഎഫ് അംഗത്തെ എൽഡിഎഫ് അംഗം നിൽക്കുന്ന ഭാഗത്തേക്ക് തള്ളിവിട്ടതാണെന്നുമൊക്കെ പലരും കളിപറയുന്നുണ്ട്. കഴിഞ്ഞ 22നു നടന്ന സംഭവം ഓണദിവസങ്ങളിലാണ് വ്യാപകമായി പ്രചരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് വോർക്കാടി.
Tags : NattuVishesham DistrictNews