ഏഴോം പഞ്ചായത്തിലെ കണ്ണോം ചാലയിൽ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഗീത ഉദ്ഘാടനം ചെയ്യുന്നു.
പഴയങ്ങാടി: കാട് മൂടിക്കിടന്നിരുന്ന കുന്നിൻചെരുവിൽ ചെണ്ടുമല്ലിപ്പൂക്കൾ പൂത്തുലഞ്ഞതോടെ ഏഴോം പഞ്ചായത്തിലെ കണ്ണോം ചാല പുതിയൊരു കാഴ്ചയുടെ വിരുന്നൊരുക്കി. മൈസൂരുവിലെയും ഗുണ്ടൽപേട്ടിലെയോ പോലെയാണ് ഇവിടെ ചെണ്ടുമല്ലി കൃഷിയിറക്കിയത്.
പൂപ്പാടം കാണാനും റീൽ ഷൂട്ട് ചെയ്യാനും സെൽഫിയെടുക്കാനുമായി നിരവധി പേരാണ് ഇവിടെ എത്തി. കാട് മൂടിക്കിടന്നിരുന്ന പ്രദേശം വെട്ടിത്തെളിച്ച് തനിമ ജെഎൽജി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പൂകൃഷി നടത്തിയത്.
ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിയുടെ ഭാഗമായി ഏഴോം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് അരയേക്കറിൽ പൂപ്പാടം ഒരുക്കിയത്. പൂക്കളുടെ വിളവെടുപ്പ് ഏഴോം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഗീത ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.വി. ഷിമ, കൃഷി ഓഫീസർ ബുഷ്റ, കൃഷി അസിസ്റ്റന്റ് കെ. മഹേഷ് എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews