നീലേശ്വരം തെരുവിലെ സപ്ലൈകോ ജില്ലാതല ഓണം ഫെയര്‍.
നീലേശ്വരം: മുന്‍വര്‍ഷങ്ങളിലെ ഓണം ഫെയറുകളുടെ റിക്കാര്‍ഡുകളെല്ലാം തകര്‍ത്തെറിഞ്ഞ് ചരിത്രവിജയം കൈവരിച്ച് നീലേശ്വരം സപ്ലൈകോ ജില്ലാതല ഓണം ഫെയര്‍.
മുന്‍വര്‍ഷങ്ങളില്‍ സപ്ലൈകോ വഴി വിതരണം ചെയ്തിരുന്ന ഓണം അരി ഇത്തവണ റേഷന്‍ കടകള്‍ വഴി മാത്രമാക്കിയതും ബഹുഭൂരിപക്ഷം ഉപഭോക്താക്കളും റേഷന്‍ ഷോപ്പുകള്‍ വഴി അരി വാങ്ങിയതും വിപണിക്ക് വലിയ വെല്ലുവിളിയാകുമെന്ന് കരുതിയിരുന്നു.
എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അതിജീവിച്ചാണ് നീലേശ്വരം തെരു കവലയില്‍ നടന്ന മേള സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റിക്കാര്‍ഡ് വിജയം കരസ്ഥമാക്കിയത്. മുന്‍വര്‍ഷങ്ങളിലെ കണക്കുകളെല്ലാം കാറ്റില്‍പറത്തിയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് നടന്ന സപ്ലൈകോ ഓണം വിപണന മേളയുടെ കച്ചവടം 26.52ലക്ഷം രൂപ ആയിരുന്നു. എന്നാല്‍, അരി വിതരണത്തിലെ മാറ്റങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളെയും ആശങ്കകളെയും പൂര്‍ണമായും തോല്പിച്ച് ഓഗസ്റ്റ് 14ന് ആരംഭിച്ച മേള 25ന് സമാപിച്ചപ്പോള്‍ 32 ലക്ഷം രൂപയുടെ സര്‍വകാല റെക്കോര്‍ഡ് കച്ചവടമാണ് സപ്ലൈകോ സ്വന്തമാക്കിയത്.
ജില്ലയുടെ മലയോര-തീരദേശ മേഖലകളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് ചരിത്രവിജയത്തിന്റെ ഭാഗമാകാന്‍ മേളയിലേക്ക് ഒഴുകിയെത്തിയത്. മേളയില്‍ 13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ സാധനങ്ങള്‍ ഒരുമിച്ച് വാങ്ങാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു.
1000 രൂപയുടെ അത്തം കിറ്റ്, 1500 രൂപയുടെ ഉത്രാടം കിറ്റ്, 2000 രൂപയുടെ തിരുവോണം കിറ്റ് എന്നിവയും എല്ലാ ഉത്പന്നങ്ങള്‍ക്കും അഞ്ചു മുതല്‍ 40 ശതമാനം വരെ വിലക്കിഴിവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നു. കൂടാതെ ഒക്ടോബര്‍ 31 വരെ ഏത് സപ്ലൈകോ സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന ഗിഫ്റ്റ് കാര്‍ഡുകളും 1000 രൂപയുടെ പര്‍ച്ചേസിനുള്ള സമ്മാനക്കൂപ്പണുകളും മേളയെ കൂടുതല്‍ ജനപ്രിയമാക്കി. സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോ മാനേജര്‍ എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിന്റെ അര്‍പ്പണബോധമാണ് ഈ ചരിത്രവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
Tags : NattuVishesham DistrictNews