പ്രതീകാത്മക ചിത്രം
ചേര്ത്തല: ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി ആയി ഉയര്ത്തുക എന്ന വിശാല ലക്ഷ്യത്തോടെ വേമ്പനാട് ഡയലോഗ്സ് 2026 എന്ന പേരില് അന്തര്ദേശീയ സിംപോസിയം ഇന്നും നാളെയുമായി ചേര്ത്തല നൈപുണ്യ സ്കൂള് ഓഫ് മാനേജ്മെന്റില് നടക്കും. ഇന്ന് രാവിലെ 10.45ന്ഡെപ്യൂട്ടി സ്പീക്കര് ഷാനിമോള് ഉസ്മാന് ഉദ്ഘാടനം നിര്വഹിക്കും. മുഖ്യമന്ത്രി വി.ഡി സതീശന് ഓണ്ലൈന് സന്ദേശം നല്കും.
പി.പ്രസാദ് എംഎല്എ അധ്യക്ഷത വഹിക്കും. എറണാകുളം-അങ്കമാലി മേജർ അതിരൂപത വികാരി ജനറല് മോണ്. ആന്റോ ചേരാന്തുരുത്തി മുഖ്യാതിഥി ആയിരിക്കും. ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, ഡോ. അജയ് കൃഷ്ണൻ എന്നിവരും സംസാരിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള പതിനൊന്ന് സര്വകലാശാലകളില് നിന്ന് 40 ല് പരം വിദഗ്ധരും ഗവേഷകരും നിരവധി വിദ്യാര്ഥികളും സിംപോസിയത്തില് പങ്കെടുക്കും.
കടലോരം, വേമ്പനാട് കായല്, ജലപാതകൾ, മത്സ്യബന്ധനം, അക്വാകള്ച്ചര്, കയർ, കൃഷി, ജലഗതാഗതം, കായല് ടൂറിസം തുടങ്ങി ആലപ്പുഴയുടെ സവിശേഷ വിഭവങ്ങളെ സുസ്ഥിരമായി പ്രയോജനപ്പെടുത്തി പുതിയ വികസന മാതൃകകള് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന് സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്സലര് ഡോ. ബിജു കുമാര് ആമുഖപ്രഭാഷണം നടത്തും.
തൃക്കാക്കര ഭാരത മാതാ കോളജ് അക്കാദമിക് ഡയറക്ടര് ഡോ.കെ.എം. ജോണ്സണ് അധ്യക്ഷനായിരിക്കും. കേരള ബ്ലൂ ഇക്കോണമി- വിഷൻ, പോളിസി, ആന്റ് സസ്റ്റയ്നബിള് ഡെവലപ്മെന്റ് എന്ന വിഷയത്തില് സിഎംഎഫ്ആര്ഐ കൊച്ചി പ്രിന്സിപ്പല് സയന്റിസ്റ്റ് ഡോ.പി. ഷിനോജ് പ്ലീനറി പ്രഭാഷണം നടത്തും. കോഴിക്കോട് എന്ഐടി വിസിറ്റിംഗ് പ്രഫസറും ആദി ശങ്കര കോളജ് സീനിയര് അസോ.ഡയറക്ടറുമായ ഡോ.ജേക്കബ് ജോര്ജ് അധ്യക്ഷനാകും. സ്വീഡന് സ്റ്റോക്ഹോം യൂണിവേഴ്സിറ്റി പ്രഫസര് ഡോ. തോമസ് ഹാന് അന്തര്ദേശീയ പ്രഭാഷണം നടത്തും.
ആലപ്പുഴ കേന്ദ്രമാക്കിയുള്ള ബ്ലൂ ഇക്കോണമി എന്ന വിഷയത്തില് പാനല് ചര്ച്ച നടക്കും. കേരള റെസ്പോണ്സിബിള് ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാർ, ഓള് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് വി. വിനോദ്, ഓള് കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ജി. വേണുഗോപാല്, കേരള ഹോം സ്റ്റേ ആന്റ് ടൂറിസം പ്രസിഡന്റ് എം.പി. ശിവദത്തന് എന്നിവര് പങ്കെടുക്കും. ഡോ.ഉമ്മന് മാമ്മന് മോഡറേറ്ററായിരിക്കും.
വൈകുന്നേരം 3.30 മുതല് നടക്കുന്ന സമാന്തര സാങ്കേതിക സെഷനുകളില് ഫിഷറീസ്, അക്വാകള്ച്ചർ, തീരദേശ സാംസ്കാരിക-ജീവിത രീതികൾ, ബ്ലൂ ടൂറിസം, സമുദ്ര വ്യവസായങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ, കാലാവസ്ഥാ പഠനം, ഊര്ജ സംരക്ഷണം, പുനരുപയോഗം എന്നീ വിഷയങ്ങളില് ഗവേഷണ പ്രബന്ധങ്ങള് അവതരിപ്പിക്കും.