രാമംകുത്ത് അക്കരപീടിക റുഖിയയുടെ വീട്ടിൽ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ.
നിലമ്പൂർ: നിലമ്പൂരിൽ വീടിന്റെ വാതിൽ പൂട്ട് തകർത്ത് മോഷണം. നാലര പവന്റെ സ്വർണാഭരണവും 10,000 രൂപയും കവർന്നു. രാമംകുത്ത് അക്കരപീടിക റുഖിയയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
തൊട്ടടുത്ത മകളുടെ വീട്ടിൽ ഉറങ്ങാൻ പോയ റുഖിയ ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. റുഖിയ, മകൻ അബ്്ദുൾ നാസർ, ഭാര്യ ഷാഹിന, മക്കൾ എന്നിവരാണ് വീട്ടിലെ താമസക്കാർ.
നാസർ മൈസൂരുവിലേക്ക് പോയതിനാൽ റുഖിയ ഉൾപ്പെടെ എല്ലാവരും വീട് പൂട്ടി രാത്രി സമീപത്തെ മകളുടെ വീട്ടിൽ ഉറങ്ങാൻ പോയിരുന്നു. അടുക്കള വാതിൽ അകത്തുനിന്ന് കുറ്റിയിട്ട് വീടിന്റെ മുൻവാതിൽ താഴിട്ട് പൂട്ടിയാണ് പോയത്. ഇന്നലെ രാവിലെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ താഴിട്ട് പൂട്ടിയ കിടപ്പുമുറി ഉൾപ്പെടെ തുറന്ന നിലയിൽ കണ്ടു. അലമാര തുറന്നു സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഷാഹിനയുടെ മാല, വള എന്നിവയാണ് മോഷ്ടിച്ചത്. അയൽ വീട്ടിൽനിന്നെടുത്ത ഇരുന്പ് പാര ഉപയോഗിച്ച് അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. നിലന്പൂർ പോലീസ് കേസെടുത്തു. ഇൻസ്പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Tags : Local News Nattuvishesham Malappuram