ടിനു തന്പാൻ
ചാരുംമൂട്: സ്വർണപ്പണയ വായ്പയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ജീവനക്കാരി അറസ്റ്റിൽ. ചുനക്കര കോമല്ലൂർ പുത്തൻചന്തയിലെ ശ്രീലകം ഫിനാൻസിലെ ജീവനക്കാരി ചുനക്കര നടുവിലേ മുറിയിൽ മണക്കാട്ടുശേരിൽ സജു തങ്കച്ചന്റെ ഭാര്യ ടിനു തമ്പാൻ (38) ആണ് പോലീസ് പിടിയിലാത്.
പൊതുജനങ്ങളിൽനിന്നും പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയ കേസിലെ രണ്ടാം പ്രതിയാണിവർ. ശ്രീലകം ഫിനാൻസ് ഉടമ രാധാകൃഷ്ണനും യുവമോർച്ച നേതാവായ രാഹുൽ രാധാകൃഷ്ണനും അറസ്റ്റിലായ ജീവനക്കാരി ടിനു തമ്പാനും ചേർന്ന് സ്ഥാപനത്തിൽ ആളുകൾ പണയം വച്ച സ്വർണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തു എന്നാണ് കേസ്.
കായംകുളത്തെ ബന്ധുവീട്ടിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ കുറത്തികാട് എസ്ഐ ഉദയ കുമാർ, എഎസ്ഐ സജുമോൾ, സിപിഒമാരായ സുന്ദരേശൻ, ശ്യാം കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഫിനാൻസ് ഉടമ രാധാകൃഷ്ണനും യുവമോർച്ച നേതാവായ രാഹുൽ രാധാകൃഷ്ണനും ഒളിവിലാണ്. കറ്റാനം ഭരണിക്കാവ് സ്വദേശിനി സുമ വിനോദ് ചെങ്ങന്നൂർ ഡിവൈഎസ്പിക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. ഇതിനുശേഷം ഫിനാൻസ് അടച്ചുപൂട്ടി സൗഹൃദം മുതലാക്കി മറ്റു ധനകാര്യസ്ഥാപനങ്ങളിൽ പണയം വച്ചിരുന്ന സ്വർണ ഉരുപ്പടികൾ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് ശ്രീലകം ഫിനാൻസിലേക്ക് മാറ്റിവെപ്പിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് കേസ്. പണയം തിരികെയെടുക്കാൻ ചെല്ലുമ്പോൾ അവധിപറഞ്ഞ് ആളുകളെ മടക്കിവിടും.
വായ്പത്തുകയുംപലിശയും തിരിച്ചടച്ചവർക്കും സ്വർണ ഉരുപ്പടികൾ നൽകാതെ അവധി പറഞ്ഞു തിരിച്ചയക്കുകയായിരുന്നെന്ന് പരാതിക്കാർ പോലീസിന് മൊഴി നൽകി. സുമ വിനോദിന്റെ 52 പവൻ സ്വർണ ഉരുപ്പടികളാണ് ഒരുവർഷത്തിനുള്ളിൽപണയം വച്ചത്. സൗഹൃദം മുതലാക്കി ഫിനാൻസിലെ ജീവനക്കാരി ടിനു ആറുലക്ഷം രൂപ കടമായും വാങ്ങിയെടുത്തെന്ന് സുമ പരാതിയിൽ പറഞ്ഞു. ആറുലക്ഷം രൂപയുടെ പണയമാണ് സുബീന എന്ന വീട്ടമ്മ വെച്ചത്. വായ്പത്തുകയും പലിശയും മേയ് മാസം അടച്ചിട്ടും പണയ ഉരുപ്പടി നൽകാതെ അവധി പറയുകയായിരുന്നു. മറ്റൊരു സ്ഥാപനത്തിൽ വച്ചിരുന്ന സരസ്വതിയമ്മയുടെ നാലു പവന്റെ ഉരുപ്പടികളാണ് ഇവിടേക്ക് മാറ്റിവയ്പ്പിച്ചത്.
ഇതിൽ 80,000 രൂപ സരസ്വതിയമ്മ തിരിച്ചടച്ചതായും പറഞ്ഞു. തട്ടിപ്പിനിരയായ നരവധി ആളുകളുടെ പരാതി ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്.