പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ പാളയം കമ്മത്ത്ലെയ്നിലെ ജ്വല്ലറികളില്‍ നിന്ന് 1.4 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ പോലീസ് പിടികൂടാത്തതില്‍ ശക്തമായ പ്രതിഷേധവുമായി വ്യാപാരികള്‍. സംഭവം നടന്ന് 26 ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചവരെ കമ്മത്ത്ലെയ്നിലെ മുഴുവന്‍ കടകളും അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കുമെന്ന് കമ്മത്ത്ലെയ്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കമ്മത്ത്ലെയ്നിലെ 11 ജ്വല്ലറികളില്‍ നിന്നായി ഉപഭോക്താക്കള്‍ക്ക് മോഡല്‍ കാണിക്കാനെന്ന വ്യാജേനെ മേലെപാളയം കമ്മത്ത്ലെയ്നിലെ നാഷണല്‍ ജ്വല്ലറി ഉടമ സഫര്‍നാസ് സ്വര്‍ണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. നഗരമധ്യത്തില്‍ നടന്ന വന്‍ കവര്‍ച്ചയായിട്ടും അന്വേഷണ സംഘത്തെ വിപുലീകരിക്കാനോ മറ്റ് ഉന്നത ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കാനോ പോലീസ് തയാറായിട്ടില്ലെന്ന് സ്വര്‍ണം നഷ്ടമായ വ്യാപാരികള്‍ പറയുന്നു. പ്രതിക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അതിനിടെ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം മാറുകയും ചെയ്തു. നിരവധി തവണ വ്യാപാരി പ്രതിനിധികള്‍ പോലീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കമ്മത്ത്ലെയ്നിലെ 11 ജ്വല്ലറികളില്‍ നിന്നായി ഉപഭോക്താക്കള്‍ക്ക് മോഡല്‍ കാണിക്കാനെന്ന വ്യാജേനയാണ് സഫര്‍നാസ് സ്വര്‍ണം ശേഖരിച്ചത്. 948.010 ഗ്രാം (ഏകദേശം 1.4 കോടി രൂപ വിലമതിക്കുന്ന) സ്വര്‍ണാഭരണങ്ങളുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ വന്‍ തട്ടിപ്പാണ് നടന്നത്. കമ്മത്ത്ലെയ്നില് അടുത്തടുത്താണ് സ്വര്‍ണക്കടകള്‍ സ്ഥിതി ചെയ്യുന്നത്. ഉപഭോക്താക്കള്‍ വരുമ്പോള്‍ മറ്റു കടകളില്‍നിന്ന് ഉടമകള്‍ സ്വര്‍ണത്തിന്റെ മോഡല്‍ കൊണ്ടുവന്ന് കാണിച്ച് കൊടുക്കുന്നത് പതിവാണ്. കടകളില്‍നിന്ന് തല്‍ക്കാലത്തേക്ക് എടുക്കുന്ന സ്വര്‍ണം പെട്ടെന്നു തന്നെ തിരിച്ച് കൊടുക്കുകയും ചെയ്യും. ഇങ്ങനെയുള്ള ആവശ്യത്തിനാണെന്ന് പറഞ്ഞ് പല കടകളില്‍ നിന്ന് വാങ്ങിയ സ്വര്‍ണവുമായാണ് സഫര്‍നാസ് മുങ്ങിയത്.
അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ആദ്യ ദിവസങ്ങളില്‍ പ്രതിയുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ കോഴിക്കോട് ടൗണ്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണ നടപടികളെല്ലാം മന്ദഗതിയിലാകുകയായിരുന്നു. പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ വയനാട് ഭാഗത്തേക്ക് കടന്നതായി പോലീസിന് പ്രാഥമിക സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിന്തുടരാന് അന്വേഷണ സംഘം കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ലെന്ന ആരോപണം ശക്തമാണ്. കൃത്യമായ ആസൂത്രണത്തോടെ നടന്ന കവര്ച്ചയായിരുന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഗൗരവത്തോടെയുള്ള അന്വേഷണം ഉണ്ടാകുന്നില്ല.അതിനിടെ, ഒളിവില്‍ കഴിയുന്ന പ്രതി സഫര്‍നാസ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് സ്വര്‍ണ വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. ഓഗസ്റ്റ് 15നകം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പോലീസ് നല്കിയ വാഗ്ദാനം. ആ തീയതി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച വ്യാപാരികള്‍ വീണ്ടും പോലീസിനെ സമീപിച്ചെങ്കിലും പതിവു മറുപടിയാണ് ലഭിച്ചതെന്ന് അവര്‍ പറയുന്നു.
Tags : Nattuvishesham District News Gold : Traders against police