സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
കുമളി: സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കുമളി പഞ്ചായത്ത്, പീരുമേട് മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകൾ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച തേക്കടിയിലെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷ പരിപാടികൾ സമാപിച്ചു.
തേക്കടിയിൽ നടന്ന വിപുലമായ ഓണം ടൂറിസം ഫെസ്റ്റിൽ ആയിരക്കണക്കിന് ജനങ്ങൾ ആവേശത്തോടെ പങ്കെടുത്തു. തേക്കടി സന്ദർശിക്കാനെത്തിയ സഞ്ചാരികൾക്കും ആഘോഷങ്ങൾ വേറിട്ടൊരു അനുഭവമായി മാറി. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സിറിയക് തോമസ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.
ഓണക്കാലത്ത് കേരളത്തിലെ പൊതുവിപണിയിൽ സംസ്ഥാന സർക്കാർ നടത്തിയ ശക്തമായ ഇടപെടലുകൾ പൂർണമായും ഫലം കണ്ടതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
സൗജന്യ ഓണക്കിറ്റ് വിതരണം തിരുവോണത്തിന് മുൻപുതന്നെ 100 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞത് സർക്കാരിന്റെ മികച്ച വിപണി മാതൃകയ്ക്ക് തെളിവാണെന്ന് മന്ത്രി പറഞ്ഞു.
സമാപന റാലിയിൽ നാടിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന പുലിക്കളി, തെയ്യം, കഥകളി, ഓട്ടൻതുള്ളൽ, കളരിപ്പയറ്റ്, പാവക്കൂത്ത്, പ്രച്ഛന്നവേഷങ്ങൾ, വാദ്യമേളങ്ങൾ, ആദിവാസി കലാരൂപങ്ങൾ, തിരുവാതിര എന്നിവ അവതരിപ്പിച്ചു. വ്യാപാരി സംഘടനാ പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, തദ്ദേശ-ടൂറിസം വകുപ്പ് ജീവനക്കാർ, ജനപ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ സാംസ്കാരിക റാലിയുടെ ഭാഗമായി.
സമാപന ചടങ്ങിൽ കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Anoop Jacob