പ്രതീകാത്മക ചിത്രം
തൊടുപുഴ: നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നഗരസഭാ കൗണ്‍സിലര്‍മാർ. ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ യുഡിഎഫ് അംഗം ടി.കെ.സുധാകരന്‍നായരാണ് വിഷയം ഉന്നയിച്ചത്. കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കായുള്ള സ്ഥലം കൈയേറിയാണ് ചിലര്‍ കച്ചവടം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇതോടെയാണ് നഗരത്തിലെ മറ്റു മേഖലകളില്‍ നടക്കുന്ന അനധികൃത വഴിയോരക്കച്ചവടത്തിനെതിരേ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയത്. എന്നാല്‍ തീരുമാനം എടുക്കണമെങ്കില്‍ വിഷയം അജൻഡയാക്കണമെന്ന് ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ മറുപടി പറഞ്ഞു. അല്ലെങ്കില്‍ പുറത്തിറങ്ങുമ്പോള്‍ എങ്ങനെ തീരുമാനിച്ചെന്ന് ചോദിച്ചാല്‍ എല്ലാവരും ഒറ്റക്കെട്ടായി കൂടെനില്‍ക്കുമെന്ന് ഉറപ്പുണ്ടോയെന്നും ചെയര്‍പേഴ്സണ്‍ ചോദിച്ചു.
എന്നാല്‍, ഇക്കാര്യത്തില്‍ കൗണ്‍സിലര്‍മാരെ ചെയര്‍പേഴ്സണ്‍ വിശ്വാസത്തിലെടുക്കണമെന്നും കൗണ്‍സില്‍ തീരുമാനം നടപ്പാക്കുകയാണ് വേണ്ടതെന്നും എല്‍ഡിഎഫ് അംഗം കെ.കെ. ഷിംനാസ് ചൂണ്ടിക്കാട്ടി. ബിജെപി അംഗം സി. ജിതേഷും ഇതിനോട് അനുകൂലിച്ചു. പങ്കെടുത്ത എല്ലാ കൗണ്‍സിലര്‍മാരും രാഷ്ട്രീയഭേദമെന്യേ എല്ലാ അനധികൃത വഴിയോരക്കച്ചവടങ്ങളും മുഖംനോക്കാതെ തടയണമെന്ന നിലപാടിലെത്തിയതോടെ വിഷയം അടുത്ത കൗണ്‍സിലില്‍ അജൻഡയാക്കാന്‍ തീരുമാനിച്ചു.
ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പെടെ നഗരത്തിലെ തെരുവുവിളക്കുകള്‍ തെളിയാത്ത വിഷയം ഇന്നലെയും കൗൺസിലർമാർ യോഗത്തിൽ ഉന്നയിച്ചു. കഴിഞ്ഞ രണ്ടുദിവസമായി തെളിഞ്ഞ കാലാവസ്ഥയായിരുന്നിട്ടും കരാറുകാരന് അറ്റകുറ്റപ്പണികള്‍ക്ക് തയാറായില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. രണ്ട് നോട്ടീസ് കൊടുക്കുക മാത്രമാണ് ഇക്കാര്യത്തില്‍ നഗരസഭ ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
2015ൽ പൊളിക്കാൻ തീരുമാനിച്ച നഗരസഭയുടെ കെട്ടടത്തിലെ ശൗചാലയത്തിന് അറ്റകുറ്റപ്പണി നടത്തണമെന്ന സ്വകാര്യ വ്യക്തിയുടെ അപേക്ഷ കൗൺസിൽ യോഗത്തിൽ ബഹളം സൃഷ്ടിച്ചു.
അറ്റകുറ്റപ്പണിക്ക് 75,000 രൂപ ചെലവാകുമെന്ന് ഓവര്‍സിയര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കച്ചവടക്കാരെ ഒഴിപ്പിച്ച കെട്ടിടത്തിന്റെ ശൗചാലയം നവീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. ഉപയോഗശൂന്യമായ കെട്ടിടത്തിലെ ശൗചാലയം നവീകരിക്കേണ്ടെന്ന പൊതുനിലപാടാണ് യോഗത്തിൽ ഉയര്‍ന്നത്.
അജൈവ മാലിന്യസംസ്കരണത്തിന് കണ്ടെയ്നര്‍ എംസിഎഫ് വാങ്ങുന്നതും ചര്‍ച്ചയായി. നിലവില്‍ വാര്‍ഡുകളിലുള്ള എംസിഎഫുകള്‍ക്ക് ചുറ്റുമാണ് മാലിന്യം തള്ളുന്നത്. ഇതിനൊരു പരിഹാരം കണ്ടതിനുശേഷം കണ്ടെയ്നര്‍ എംസിഎഫ് എന്നതിലേക്കു കടന്നാല്‍ പോരെയെന്ന് കൗണ്‍സിലര്‍മാര്‍ ചോദിച്ചു. ആരോഗ്യവിഭാഗം ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും അല്ലെങ്കില്‍ തൊടുപുഴ നഗരത്തില്‍ മാലിന്യം നിറയുമെന്നും അംഗങ്ങള്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു കൃത്യമായ നടപടിയുണ്ടാകുന്നില്ലെന്നും വെയ്റ്റിംഗ് ഷെഡുകളിലും കടത്തിണ്ണകളിലുമാണ് മാലിന്യം സൂക്ഷിക്കുന്നതെന്നും പരാതി ഉയര്‍ന്നു. കണ്ടെയ്നര്‍ എംസിഎഫ് വാങ്ങുന്നുണ്ടെങ്കിൽ അത് നഗരസഭയുടെ സ്ഥലത്തുതന്നെ സ്ഥാപിക്കണമെന്ന് വൈസ് ചെയര്മാന് കെ. ദീപക് ആവശ്യപ്പെട്ടു.
വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശം ഓപ്പണ്‍ ജിമ്മും വെയ്റ്റിംഗ് ഷെഡും സ്ഥാപിക്കാന്‍ കെ.കെ. ഷിംനാസ് സമര്‍പ്പിച്ച കത്ത് അംഗീകരിച്ചു. ആശുപത്രി തന്നെ ഇവ രണ്ടും സ്പോണ്സര് ചെയ്യും. നഗരസഭയിലെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ബഡ്സ് സ്കൂള്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ കത്തിനും അംഗീകാരം ലഭിച്ചു.
Tags : Nattuvishesham Local News roadside vendors Thodupuzha city