ചെറുതോണി: ചിന്നക്കനാലിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ട മാതാവിന്റെ മക്കൾക്ക് സർക്കാർ ജോലി നൽകി ഏറ്റെടുക്കണമെന്ന് കർഷസംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. പിതാവ് മരണപ്പെട്ട കുടുംബത്തിന് ആകെ ആശ്രയമായിരുന്ന മാതാവിന്റെ വിയോഗത്തിലൂടെ ഒറ്റപ്പെട്ടുപോയ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും കർഷകസംഘം ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇത് അഞ്ചാമത്തെ മനുഷ്യ ജീവനാണ് വന്യജീവിയാക്രമണത്തിൽ ഇല്ലാതാവുന്നത്. തങ്ങൾ അധികാരത്തിൽ വന്നാൽ വന്യജീവി ആക്രമണം ഉടൻ തടയുമെന്ന് വാഗ്ദാനം നൽകിയ സർക്കാർ അഞ്ചുപേർ മരിക്കാനിടയായിട്ടും ചെറുവിരൽ അനക്കാൻപോലും തയാറാകുന്നില്ല.
കഴിഞ്ഞദിവസം വനം മന്ത്രി പറഞ്ഞത് വന്യ ജീവി സംഘർഷം തടയാൻ നടപടി സ്വീകരിക്കാൻ രണ്ടു വർഷം വേണമെന്നാണ്. ഇത് ന്യായീകരിക്കാൻ കഴിയില്ല. വന്യ ജീവി സംഘർഷം തടയാൻ എൽഡിഎഫ് സർക്കാർ നിയമം ഉണ്ടാക്കിയിരുന്നു. അടിയന്തരമായി ബില്ലിൽ ഒപ്പിടാൻ രാഷ്ട്രപതി തയാറാകണമെന്ന് ആവശ്യപ്പെടാൻപോലും യുഡിഎഫോ കോൺഗ്രസോ തയാറായിട്ടില്ല.
വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കാത്ത പക്ഷം കർഷകസംഘം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് എം.വി. ബേബി എന്നിവർ പറഞ്ഞു.
Tags : Nattuvishesham Local News wildlife attack Farmers' Association