എച്ച് സലാം
അമ്പലപ്പുഴ: ജി. സുധാകരൻ എംഎൽഎക്കെതിരേ അഴിമതി ആരോപണവുമായി സിപിഎം നേതാവ് എച്ച്. സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വായും കൈയും പോയ കോടാലിയായി മാറരുതെന്ന തലക്കെട്ടോടു കൂടിയുള്ള പോസ്റ്റിൽ തെരഞ്ഞെടുപ്പു ഫണ്ട് തിരുമറിയടക്കം ഗുരുതരമായ നിരവധി ആരോപണങ്ങൾ നിരത്തുന്നു.
പാർട്ടിക്കുവേണ്ടി രാപകൽ അധ്വാനിക്കുന്നവരെ സുധാകരൻ നിരന്തരം ആക്ഷേപിക്കുന്നു. സജി ചെറിയാൻ, സി.എസ് സുജാത, സി.ബി. ചന്ദ്രബാബു തുടങ്ങിയ നേതാക്കളെ വ്യക്തി അധിക്ഷേപം നടത്തി. കമ്യുണിസ്റ്റ് പാർട്ടിയുടെ പിരിവിനോട് ഇപ്പോൾ ജി. സുധാകരന് പുച്ഛമാണ്. എന്നാൽ, ഒരു നാരങ്ങാ വെള്ളം പോലും കുടിക്കാതെ കൃത്യമായി പാർട്ടിയെ ഏൽപ്പിക്കുന്ന ഫണ്ടിൽനിന്നാണ് താങ്കൾ യാത്ര ചെയ്തതും ഭക്ഷണം കഴിച്ചതും.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആരിഫിനെ ജയിപ്പിക്കാനെന്ന് പറഞ്ഞു പ്രസംഗിക്കാൻ പോയതിന്റെ കണക്കെഴുതി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് ആയിരങ്ങൾ വാങ്ങി കൊണ്ടുപോയതും സാധരണ സഖാക്കൾ പിരിച്ചതാണ്. താനും സി.ബി ചന്ദ്രബാബുവും ആവർത്തിച്ചു ചോദിച്ചിട്ടും 2021ൽ സ്ഥാനാർഥിയായ തന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് എന്തേ പറയാത്തത്.
പറവൂരിൽ സ്കൂളിനു സമീപമുള്ള ലക്ഷങ്ങൾ വിലവരുന്ന ഭൂമി ഏതാനും മാസം മുമ്പ് വാങ്ങിയത് ഏത് പണമുപയോഗിച്ചാണ് എന്നടക്കം നിരവധി ആരോപണങ്ങളാണ് എച്ച്. സലാം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പാർട്ടിയിൽനിന്ന് പതിറ്റാണ്ടുകളായി നേടാവുന്നതെല്ലാം നേടിയിട്ടും ഇനിയൊന്നും കിട്ടാനില്ലാത്തതിനാൽ വർഗത്തെ വഞ്ചിച്ചുപോയ താങ്കൾ സിപിഎമ്മിനെ നന്നാക്കാൻ വരേണ്ടെന്നും സലാം പറയുന്നു.
Tags : NattuVishasham DistrictNews corruption