പരിയത്ത്കാവ് ഉന്നതിയിൽ വീടുകളുടെ തറക്കില്ലിടൽ ചടങ്ങിനു മുന്നോടിയായി വി.പി. സജീന്ദ്രൻ എംഎൽഎ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു.
കോലഞ്ചേരി: അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതെ നീണ്ടുനിന്ന പരിയത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന് വർഷമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടിരുന്ന ഏഴ് കുടുംബങ്ങളുടെ ദുരിതത്തിനും ഒടുവിൽ വിരാമമാകുന്നു. 16ന് രാവിലെ 11ന് മന്ത്രി റോജി എം. ജോൺ വീടുകളുടെ തറക്കല്ലിടും. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരിക്കും.
വർഷങ്ങളായി വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടന്നിട്ടും ഫലമുണ്ടാകാതിരുന്ന പ്രശ്നത്തിന് സർക്കാർ തലത്തിൽ സമവായം രൂപപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോണും വി.പി. സജീന്ദ്രൻ എംഎൽഎയും നിർണായക പങ്കുവഹിച്ചതോടെയാണ് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ സുരക്ഷിതമായി വീടുകൾ നിർമിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്.
സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ 1000 ചതുരശ്ര അടിയിൽ കുറയാത്ത ഏഴ് ആധുനിക വീടുകളാണ് നിർമിച്ചു നൽകുക. വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ നിലവിലെ വീടുകളിൽ തന്നെ താമസിക്കാൻ കുടുംബങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഭൂവുടമകളുടെ സമ്മതത്തോടെ നിർമാണത്തിന് ആവശ്യമായ സ്ഥലമൊരുക്കുന്ന നടപടികളും പൂർത്തിയായി.
മന്ത്രി റോജി എം. ജോണിന്റെ സാന്നിധ്യത്തിൽ അഞ്ച് ഘട്ടങ്ങളിലായി നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിൽ ഭൂവുടമകളും സമരസമിതിയും ധാരണയിലെത്തിയതോടെയാണ് പുനരധിവാസം യാഥാർഥ്യമായത്. ഓരോ വീടുകളിലേക്കും മൂന്ന് മീറ്റർ വീതിയിലുള്ള പ്രവേശനവഴിയും ഭൂവുടമകളുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് സംരക്ഷണ മതിലും നിർമിക്കും. ഭൂമിതർക്കവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ നിയമപരമായി പിൻവലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, റൂറൽ എസ്പി കെ.എസ്. സുദർശൻ, എഡിഎം കെ. മനോജ്, മൂവാറ്റുപുഴ ആർഡിഒ വി.ഇ. അബ്ബാസ്, പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ ഉൾപ്പടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും.
Tags : Local News Nattuvishesham Ernakulam