മന്ത്രിമാരായ രമേശ് ചെന്നിത്തലയും മോൻസ് ജോസഫും ചർച്ച നടത്തുന്നു.
ഹരിപ്പാട്: മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കി ഉടൻ കമ്മീഷൻ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പദ്ധതി അനന്തമായി നീണ്ടുപോകുന്നതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ജലവിഭവ മന്ത്രി മോൻസ് ജോസഫിന്റെ സാന്നിധ്യത്തിൽ വാട്ടർ അഥോറിറ്റി, ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. സാങ്കേതിക കാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥർ പദ്ധതികൾ വൈകിപ്പിക്കുന്ന രീതി ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പദ്ധതിയുടെ ഭാഗമായി മുല്ലശേരിയിൽ നിന്ന് ജലശുദ്ധീകരണശാലയിലേക്കുള്ള റോ വാട്ടർ പമ്പിംഗ് മെയിൻ ലൈനിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കും. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വിഭാഗത്തിൽ നിന്നുള്ള അനുമതി വേഗത്തിൽ ലഭ്യമാക്കാനും പഞ്ചായത്തുകളിലെ ഡിസ്ട്രിബ്യൂഷൻ ലൈനുകൾ സ്ഥാപിക്കുന്നതിനൊപ്പം പള്ളിപ്പാട് ട്രീറ്റ്മെന്റ് പ്ലാന്റ് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാനും നിർദേശം നൽകി. പദ്ധതിയുടെ കരാറുകളിലുള്ള സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി മോൻസ് ജോസഫ് നിർദേശം നൽകി. കേന്ദ്ര ജൽശക്തി മന്ത്രിയെ നേരിൽക്കണ്ട് വിഷയം ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി നിർവഹണത്തിനാവശ്യമായ ഫണ്ട് ക്രമീകരണത്തിൽ സർക്കാർതലത്തിൽ തുടർനടപടികൾ ഉറപ്പാക്കുമെന്നും വ്യക്തമായ ദിശാബോധത്തോടെ പദ്ധതി പൂർത്തിയാക്കണമെന്നും മന്ത്രി രമേശ് ചെന്നിത്തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തീരസംരക്ഷണത്തിന് 572.49 കോടി; എഡിബി പ്രോജക്ട് അന്തിമഘട്ടത്തിൽ
ഹരിപ്പാട് മണ്ഡലത്തിലെ തീരദേശ മേഖലകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ധനസഹായത്തോടെ വിഭാവനം ചെയ്തിട്ടുള്ള കടൽഭിത്തി, പുലിമുട്ട് പദ്ധതികൾ അന്തിമഘട്ടത്തിലാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. യോഗത്തിൽ ഇതിന്റെ നിർവഹണ പുരോഗതിയും വിശദമായി വിലയിരുത്തി. തീരസംരക്ഷണത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലായി 572.49 കോടി രൂപയുടെ സമഗ്ര പദ്ധതിരേഖ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്ന് വാട്ടർ റിസോഴ്സ് പിഎംയു മിഷൻ ഡയറക്ടർ വ്യക്തമാക്കി.
ഈ പ്രോജക്ടിന്റെ നിർമാണപ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി രമേശ് ചെന്നിത്തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Tags : Drinking Water Project NattuVishasham DistrictNews