മുഹമ്മദ് ഷിയാസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഫോർട്ടുകൊച്ചി: ദീർഘനാളായി മുടങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസിയുടെ ഫോർട്ട്കൊച്ചിയിൽ നിന്നും നെടുമ്പാശേരിയിലേക്കുള്ള ലോഫ്ലോർ ബസ് സർവീസ് പുനരാരംഭിച്ചു. ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങില്‍ മുഹമ്മദ് ഷിയാസ് എംഎൽഎ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്ന് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. കൂടാതെ കൊച്ചിയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് കൂടുതൽ സൗകര്യത്തിനായി ഫോർട്ട് കൊച്ചിയിൽ നിന്നും മൂന്നാർ വരെ പോവുന്ന ലോഫ്ലോർ സർവീസ് കൂടി പുനരാരംഭിക്കും. സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി സർവീസ് ചെല്ലാനത്ത് നിന്ന് കുമ്പളങ്ങി വഴി എറണാകുളത്തേക്ക് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടി കൂടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. മനാഫ്, കൗൺസിലർമാരായ ഷൈനി മാത്യു, ഫൗസിയ സജീർ, റഹീന റഫീഖ്, ജോസഫ് സുമിത്ത്, രാജു സേവ്യർ, ഹാറ്റ്സ് പ്രസിഡന്റ് എം.പി. ശിവദത്തൻ, അജിത്ത് അമീർ ബാവ, തുടങ്ങിയവർ സംസാരിച്ചു.