തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: പടിഞ്ഞാറത്തറ ആനിമൽ ബർത്ത് കണ്ട്രോൾ (എബിസി) കേന്ദ്രം തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി നാടിന് സമർപ്പിച്ചു.
തെരുവുനായ വിഷയത്തിൽ പഞ്ചായത്തുകളിൽ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനാവശ്യത്തിന് വീട്ടിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾവരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയാണ് തെരുവുനായ ശല്യം പരിഹാരവും അവയുടെ അതിജീവനവും. വളർത്തുനായ്കളെ നിരുത്തരവാദപരമായി തെരുവിൽ കളയുന്ന രീതി സംസ്ഥാനത്ത് വ്യാപകമായുണ്ടെന്നത് സർക്കാരിന്റെ ശ്രദ്ധയിലുള്ള കാര്യമാണ്. നിലവിൽ തെരുവുനായ്ക്കളുടെ ഇരട്ടി വളർത്തു നായ്ക്കൾ കേരളത്തിലുണ്ട്. വളർത്തുനായ്ക്കളുടെ കുഞ്ഞുങ്ങളെ തെരുവുകളിൽ ഉപേക്ഷിക്കുന്ന പ്രവണതയുണ്ട്.
പഞ്ചായത്തുകളിൽ ഒരു ഏക്കർ സ്ഥലത്ത് ഏകദേശം ആയിരത്തിലധികം നായ്ക്കളെ പാർപ്പിക്കാൻ കഴിയുംവിധത്തിൽ ഷെൽട്ടറുകൾ നിർമിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതിനായി പഞ്ചായത്തുകളുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ പ്രശ്നങ്ങളോട് ചേർന്നു നിൽക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷൻ ജില്ലാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങൾ, ജീവനക്കാർക്കുള്ള അവാർഡുകൾ, സംസ്ഥാന കുടുംബശ്രീ മിഷന്റെ ധീരം സ്വയം രക്ഷാ പരിശീലനം പദ്ധതി ഗുണഭോക്താക്കൾക്ക് ജഴ്സിയും വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള സ്പോർട്സ് കിറ്റും മന്ത്രി വിതരണം ചെയ്തു.
അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരെ പരിപാടിയിൽ ആദരിച്ചു. എബിസി സെന്ററിലെ ഓപറേഷൻ തിയേറ്റർ ഉഷ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണവകുപ്പ് 97 ലക്ഷം രൂപയും മൃഗ സംരക്ഷണവകുപ്പ് 33 ലക്ഷം രൂപയും വിനിയോഗിച്ച് പൂർത്തീകരിച്ച് സെന്ററിൽ ഓപറേഷൻ തിയേറ്റർ, പ്രീസർജറി മുറികൾ, പോസ്റ്റ് ഓപറേറ്റീവ് ഷെൽട്ടർ, 84 കൂടുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെന്ററിലൂടെ പ്രതിമാസം 200 വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ രണ്ടാമത്തെ ആനിമൽ ബർത്ത് കണ്ട്രോൾ കേന്ദ്രമാണ് പടിഞ്ഞാറത്തറയിലേത്.
ആദ്യഘട്ടത്തിൽ സ്കൂൾ പരിസരങ്ങൾ, ടൗണുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള ജനസാന്ദ്രതാ മേഖലകളിൽ നിന്നും തെരുവുനായകളെ പിടികൂടും. കേന്ദ്രത്തിലെത്തിക്കുന്ന നായകൾക്ക് വിദഗ്ധ ശസ്ത്രക്രിയ നടത്തി പരിചരണം നൽകും. തുടർന്ന് പേ വിഷ പ്രതിരോധകുത്തിവയ്പ്പ് നൽകി പിടികൂടിയ സ്ഥലത്ത് തിരിച്ചെത്തിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി. ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരപത്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ കൈമാറി. ജനപ്രതിനിധികൾക്കുംജീനക്കാർക്കുമായി "തെരുവുനായ നിയന്ത്രണം പ്രശ്നങ്ങളും പ്രായോഗിക പരിഹാര നിർദേശങ്ങളും’ എന്ന വിഷയത്തിൽ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റ് ഡയറക്ടർ ഡോ. വി. ജയേഷ് സെമിനാർ അവതരിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.ആർ. ബിനു പ്രശാന്ത് മോഡറേറ്ററായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻ ഡോ. വി.ജെ. മനോജ്, വെറ്ററിനറി സർജൻ ഡോ. ആര്യ തെരേസ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, മാനന്തവാടി നഗരസഭ ചെയർപേഴ്സണ് ജേക്കബ് സെബാസ്റ്റ്യൻ, വിവിധ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപ്പഞ്ചായത്ത് അധ്യക്ഷർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.