അറസ്റ്റിലായ മുഹമ്മദ് അലി
കണ്ണൂർ: പറശിനിക്കടവ് മാങ്കടവിൽ ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വാഴയിൽ മുഹമ്മദ് അലി (55)യെയാണ് കണ്ണൂർ സിറ്റി പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം കാസർഗോഡ് ഉപ്പളയിൽ നിന്ന് പിടികൂടിയത്.
2010 സെപ്റ്റംബർ 17നാണ് കേസിനാസ്പദമായ സംഭവം. പറശിനിക്കടവ് മാങ്കടവിൽ മൊയ്തുവിന്റെ മക്കളായ ജലാലിനെയും ജ്യേഷ്ഠൻ ഷംസീറിനെയും സഹോദരിയുടെ ഭർത്താവായ മുഹമ്മദ് അലി സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലാൽ മരിച്ചു. സംഭവത്തിൽ വളപട്ടണം പൊലിസ് കേസെടുത്ത് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജിന്റെയുയും കണ്ണൂർ ടൗൺ എസിപി ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഒളിവിൽ പോയതിനു ശേഷം സ്വന്തം കുടുംബവുമായോ സുഹൃത്തുക്കളുമായോ ബന്ധം പുലർത്താതെ ഉപ്പളയിൽ മറ്റൊരു വിവാഹം കഴിച്ചു ജീവിച്ചു വരികയായിരുന്ന മുഹമ്മദ് അലിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. എസ്ഐ വിനോദ്, ഷാജി, എഎസ്ഐമാരായ സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പോലീസ് ഓഫീസർ മാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags : arrested NattuVishasham DistrictNews