ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത വിദ്യാലയം കാന്പെയിന്റെ ഭാഗമായി കീഴ്വായ്പൂർ വിഎച്ച്എസ്എസിൽ നടത്തിയ റിപ്പയറിംഗ് ഫെസ്റ്റ്.
മല്ലപ്പള്ളി: പുതിയ അധ്യയനവർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത വിദ്യാലയം കാന്പെയിൻ സംഘടിപ്പിച്ചു. കാന്പെയിന്റെ ഭാഗമായി കീഴ്വായ്പൂര് വിഎച്ച്എസ്എസിൽ നടത്തിയ റിപ്പയറിംഗ് ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി.
ഉപയോഗശൂന്യമെന്ന് കരുതി സാധനങ്ങൾ എളുപ്പത്തിൽ വലിച്ചെറിയുന്ന ശീലം കുട്ടികളിൽനിന്നു മാറ്റിയെടുക്കുക, പുനരുപയോഗം കുട്ടികളിൽ വളത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ -ഓർഡിനേറ്റർ (ഐഇസി) ജി. പ്രദീപ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അശ്വതി വിജയൻ ശുചിത്വ ബോധവത്കരണ ക്ലാസ് നൽകി.
പ്രാദേശികമായി കുട, ബാഗ്, ചെരുപ്പ് എന്നിവ ഉപയോഗപ്രദമാക്കുന്ന തൊഴിലാളികളെ സ്കൂളിൽ എത്തിച്ചാണ് റിപ്പയറിംഗ് ഫെസ്റ്റ് നടത്തിയത്. തത്സമയം കേടുപാടുകൾ തീർത്ത് കുടകളും ബാഗുകളും നന്നാക്കുന്നതു നേരിട്ട് കാണാൻ വിദ്യാർഥികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി.
ഇതോടൊപ്പം കുട്ടികൾ തങ്ങൾക്ക് ഇനി ആവശ്യമില്ലാത്തതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്രദവുമായ നല്ല നിലവാരമുള്ള പുസ്തകങ്ങൾ, കുടകൾ, ജിയോമെട്രി ബോക്സുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ സ്കൂളിൽ കൊണ്ടുവന്ന് അവർക്ക് സ്വാപ്പ് ഷോപ്പിലുള്ള മറ്റൊരു സാധനം സൗജന്യമായി സ്വന്തമാക്കാനും കഴിഞ്ഞു. ഇതിലൂടെ പുനരുപയോഗം എന്ന ആശയം പ്രാവർത്തികമാവുകയും ചെയ്തു.
റിപ്പയർ ചെയ്ത സാധനങ്ങൾ ഇത്തരം പരമ്പരാഗത തൊഴിലുകൾ ചെയ്യുന്നവരുടെ തൊഴിൽ മഹത്വം കുട്ടികളിലും സമൂഹത്തിലും എത്തിക്കാനും സാധനങ്ങൾ വലിച്ചെറിയാതെ പുനരുപയോഗിക്കുന്നതിന്റെ പ്രാധാന്യവും സന്ദേശവും വിദ്യാർഥികളിലേക്ക് ഫലപ്രദമായി എത്തിക്കാനും കാന്പെയിനിലൂടെ സാധിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എസ്. രജനി, ഹെഡ് മിസ്ട്രസ് എം.എസ്. പ്രസന്ന, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.പി. ഷാനിൽ, എന്റർപ്രണർഷിപ് കോ-ഓർഡിനേറ്റർ ഡോളി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Pathanamthitta