അടിമാലി: അടിമാലി മേഖലയിൽ മഴ ശക്തമായി. ഇന്നലെ രാവിലെ മുതൽതന്നെ ശക്തമായി മഴ പെയ്തതോടെ അടിമാലിയിലെ വിവിധ ഇടങ്ങളിൽ വ്യപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ടൗണിനു സമീപത്തുകൂടിയുള്ള ഓട നിറഞ്ഞ് വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്കും റോഡിലേക്കും ഇറച്ചുകയറുകയായിരുന്നു. ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. തോരാതെയുള്ള മഴ അടിമാലി മേഖലയിലെ ജനങ്ങളെ ആശങ്കയിലായിട്ടുണ്ട്.
അടിമാലി ഫെഡറൽ ബാങ്ക് ജംഗ്ഷനു സമീപം ഓട നിറഞ്ഞ് വെള്ളം സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കു കയറി. ഇവിടെ എല്ലാ വർഷവും മഴപെയ്യുമ്പോൾ ഓട നിറഞ്ഞ് വെള്ളം വ്യാപാരസ്ഥാപനങ്ങളിലേക്കു കയറാറുണ്ട്. ഇതിനെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ലൈബ്രറി റോഡിനു സമീപം ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലേക്കാണ് ഓടകൾ നിറഞ്ഞ് വെള്ളം കയറിയത്. ഇതുമൂലം സ്ഥാപന ഉടമകൾക്ക് വലിയ നഷ്ടമുണ്ടായി.
ചാറ്റുപാറ സബ് സ്റ്റേഷന് പടിയില്‍ റോഡില്‍ വെള്ളം കയറി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും വെള്ളം കയറി. ഓടകൾ നിറഞ്ഞതോടെ ബസ് സ്റ്റാൻഡ് പ്രദേശത്ത് ശക്തമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് കാൽനട യാത്രികർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്.
കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതുസമയത്തും പ്രദേശങ്ങളിൽ മണ്ണിടിയാനുള്ള സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിമാലി സർക്കാർ ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു
അടിമാലിയിൽ ശക്തമായ മഴയെത്തുടർന്ന് വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു. അടിമാലി ലക്ഷംവീടിന് സമീപം കഴിഞ്ഞവർഷം മഴയെത്തുടർന്ന് മണ്ണിടിഞ്ഞ സ്ഥലത്തുതന്നെ വീണ്ടും മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണും കല്ലും പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു.
മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. അടിമാലി കല്ലാറുകുട്ടി കത്തിപ്പാറയ്ക്കു സമീപം മണ്ണും കല്ലും റോഡിലേക്ക് പതിച്ചു. മൺതിട്ടയ്ക്ക് മുകളിൽ ഉണ്ടായിരുന്ന മരങ്ങളും മണ്ണുമിടിഞ്ഞ് റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. രണ്ടിടങ്ങളിലും ഉണ്ടായ മണ്ണിടിച്ചിലിൽ ആർക്കും പരിക്കുകളില്ല. മേഖലയിൽ വിവിധ ഇടങ്ങളിൽ മണ്ണിടിയാനുള്ള സാധ്യത കൂടുതലാണ്.
മാങ്കുളം ബൈസൺവാലി വെള്ളത്തൂവൽ മേഖലകളിലും രാവിലെ മുതൽതന്നെ മഴ ശക്തമായി തുടരുകയാണ്. ഇവിടങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രികാലങ്ങളിൽ മലയോര മേഖലയിൽ യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്.
മാങ്കുളത്ത് മരംവീണ് ഗതാഗതം തടസപ്പെട്ടു
അടിമാലി: ശക്തമായ മഴയെത്തുടർന്ന് മാങ്കുളം മുനിപാറയ്ക്കു സമീപം മരം റോഡിലേക്ക് വീണു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മരം വീണതിനെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി.
ഇതോടെ അടിമാലി - മാങ്കുളം റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. സമീപത്തുകൂടി കടന്നുപോയിരുന്ന വൈദ്യുത ലൈനിനു മുകളിലേക്കാണ് മരം വീണത്. ഇതോടെയാണ് പ്രദേശത്തെ വൈദ്യുത ബന്ധം തകരാറിലായത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.