കരുവാരക്കുണ്ട് ഒലിപ്പുഴയിൽ അനുഭവപ്പെട്ട മലവെള്ളപ്പാച്ചിൽ.
കരുവാരകുണ്ട്: കരുവാരക്കുണ്ടിൽ വീണ്ടും അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. കല്ലൻപുഴയിലും ഒലിപ്പുഴയിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വൻ തോതിൽ മലവെള്ളപ്പാച്ചിലാണ് അനുഭവപ്പെട്ടത്. കാലവർഷം വിട്ടുമാറുകയും തുടർന്നനുഭവപ്പെട്ട കനത്ത വരൾച്ചയ്ക്കുശേഷമാണ് ദിവസവും കിഴക്കൻ മലയോരങ്ങളിലും വനപ്രദേശങ്ങളിലുമാണ് തീവ്ര മഴ പെയ്യുന്നത്.
ഞായറാഴ്ച ചോക്കാട് പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കരുവാരകുണ്ട് സ്വദേശിയായ യുവാവ് അടക്കം അഞ്ച് പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. ഇത്തരം അപകടങ്ങൾ മുന്നിൽ കണ്ട് കരുവാരകുണ്ടിലും ശക്തമായ സുരക്ഷയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
കൽകുണ്ട് മേഖലയിലെ കേരളാംകുണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിലും റിസോർട്ടുകളിലും പുറത്തുനിന്ന് സന്ദർശകരെത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോരത്ത് ശക്തമായ മഴ പെയ്യുന്പോഴും നാട്ടിൽ പ്രദേശങ്ങളിൽ ചാറ്റൽ മഴയാണ് അനുഭവപ്പെടുന്നത്.
വരുംദിവസങ്ങളിലും കനത്ത മഴ അനുഭവപ്പെടുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന് മലയോരവാസികൾക്കും പുഴയോരവാസികൾക്കും അധികൃതർ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
Tags : Nattuvishesham Districtnews Deepikanews Tourist Centre