ക്വാറിയിൽനിന്ന് എത്തിച്ച് കൂട്ടിയിട്ടിരുന്ന കല്ലും മണ്ണും ക്വാറി വെയിസ്റ്റും കുത്തിയൊലിച്ച് താഴെയുള്ള കൃഷിയിടങ്ങളിലേക്ക് എത്തിയപ്പോൾ.
ചെറുപുഴ: ജോസ്ഗിരിയിലെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണം രണ്ട് ക്വാറികളാണെന്ന് പൈതൃക സംരക്ഷണ സമിതി. ഒരു കാലത്തുമുണ്ടാത്തവിധം ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് ജോസ്ഗിരിയിലും രാജഗിരിയിലും ഉണ്ടായിരിക്കുന്നത്. രാജഗിരിയിൽ പ്രവർത്തിരുന്ന രണ്ട് കരിങ്കൽ ക്വാറികൾക്ക് ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നത്.
ചെറുതും വലുതുമായ 16 ഓളം ഉരുൾപൊട്ടലും നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. 11 വർഷമായി ഇവിടെ ക്വാറികൾ പ്രവർത്തിക്കുവാനാരംഭിച്ചിട്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ഉഗ്രസ്ഫോടനങ്ങൾ നടത്തി ക്വാറികളിൽ നിന്നും കല്ലുകൾ പൊട്ടിച്ച് കടത്തുകയായിരുന്നു. ക്വാറിയിൽ നിയമം ലംഘിച്ച് ഉഗ്രസ്ഫോടനങ്ങൾ നടത്തിയതാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പൈതൃക സംര ക്ഷണ സമിതി പ്രവർത്തകർ പറയുന്നത്.
ക്വാറിയ്ക്കനുമതി കൊടുത്ത ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തണം. ഈ മേഖല ഇനി ജീവിക്കാൻ സുരക്ഷിതമാണോയെന്ന് പഠനം നടത്തണം. അർഹമായ നഷ്ടപരിഹാരം നൽകുന്നതിനും പുനരധിവാസം നടത്തുന്നതിനും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും രാജഗിരി പൈതൃക സംരക്ഷണ സമിതി ചെയർമാൻ സ്കറിയാ നടുവിലേക്കുറ്റ്, കൺവീനർ ബിനോയി മുതുകാട്ടിൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.
ഇന്നലെ സർക്കാർ നിയോഗിച്ച എറണാകുളത്തു നിന്നുമുള്ള ഏജൻസി ജോസ് ഗിരിയിലെത്തി ഭുരിതബാധിത പ്രദേശങ്ങളിൽ പരിശോധന നടത്തി. ദുരിതബാധിത പ്രദേശങ്ങളുടെ ആകാശ ദ്യശ്യം ഉരുൾപൊട്ടലിന്റേയും മണ്ണിടിച്ചിലിന്റേയും വ്യാപ്തി കൂടുതൽ വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ.