ഹിമാലയൻ മാരത്തണിൽ 60 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസ് സമ്മാനത്തുകയ്ക്കുള്ള ചെക്ക് സ്വീകരിക
കൽപ്പറ്റ: ഹിമാലയൻ മാരത്തണിൽ 60 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി വയനാട് സ്വദേശി. മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസാണ് സ്വർണം കരസ്ഥമാക്കിയത്.
മൈനസ് ഡിഗ്രി തണുപ്പിൽ 42 കിലോ മീറ്ററാണ് നാല് മണിക്കൂറും 29 സെക്കൻഡുമെടുത്ത് തോമസ് ഓടിത്തീർത്തത്. ഇന്തോ-ടിബറ്റ് ബോർഡർ പോലീസും ഉത്തരാഖണ്ഡ് സർക്കാരും ചേർന്ന് സംഘടിപ്പിച്ചതാണ് മാരത്തണ്‍. മത്സരംനടന്ന പ്രദേശത്തുനിന്ന് ചൈന അതിർത്തിയിലേക്ക് 40 കിലോമീറ്ററാണ് ദൂരം. ദുർഘട പാതയിലൂടെയായിരുന്നു ഓട്ടമെന്ന് ടെലിഫോണിൽ സംസാരിക്കവേ തോമസ് പറഞ്ഞു.
നിരവധി സ്ഥലങ്ങളിൽ പാറക്കെട്ടുകളിൽനിന്നു കല്ലും മണ്ണും റോഡിലേക്ക് അടർന്നുവീണു. സംഘാടകർ പ്രത്യേകം ചുമതലപ്പെടുത്തിയ ജോലിക്കാരാണ് തടസം നീക്കി ഓട്ടക്കാർക്ക് വഴിയൊരുക്കിയത്. റോഡിന്റെ ഒരു വശം കിലോമീറ്ററുകൾ താഴേക്ക് ചരിഞ്ഞുകിടക്കുന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽനിന്ന് 11,000 അടി ഉയരത്തിൽ ഓക്സിജന്റെ കുറവും തണുപ്പും മൂലം പ്രശസ്തരായവരടക്കം പലർക്കും ഓട്ടം പൂർത്തിയാക്കാനായില്ല. ഇന്ത്യയിലെ ഏറ്റവും കഠിനമായ ദീർഘദൂര ഓട്ടമത്സരങ്ങളിൽ ഒന്നാണ് ഹിമാലയൻ മാരത്തണനെന്ന് 65 കാരമായ തോമസ് പറഞ്ഞു.
ട്രക്ക് ഡ്രൈവറായിരുന്ന തോമസിനെ കഴുത്തുവേദന അലട്ടിയപ്പോൾ വ്യായാമത്തിനു തുടങ്ങിയ നടത്തമാണ് പിൽക്കാലത്തു മാസ്റ്റേഴ്സ് മീറ്റുകളിലെ സുവർണതാരമാക്കിയത്. 2014ൽ മുത്തൂറ്റ് ഫിനാൻസ് കൊച്ചിൻ മാരത്തണിൽ പങ്കെടുത്തപ്പോഴാണ് തന്നിലെ ദീർഘദൂര ഓട്ടക്കാരനെ തിരിച്ചറിഞ്ഞതെന്നു തോമസ് പറയുന്നു. രണ്ടു മണിക്കൂർ 13 മിനിറ്റ് 41 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയപ്പോൾ തോമസ് 44-ാം സ്ഥാനത്തായിരുന്നു. മൂന്നു വർഷത്തിനുശേഷം, 2017ൽ നടന്ന 21 കിലോമീറ്റർ കൊച്ചിൻ മാരത്തണിൽ തോമസായിരുന്നു ഒന്നാമൻ.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കാറാണ് മെഡൽ അണിയിച്ചത്. പിന്നീട് നിരവധി മാരത്തണ്‍ മത്സരങ്ങളിലാണ് തോമസ് ഒന്നാമനായി ഫിനിഷ് ചെയ്തത്. പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദന്പതികളുടെ മകനാണ് തോമസ്. ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. ഗ്രന്ഥകർത്താവുമാണ് അദ്ദേഹം. കായിക ജീവിതത്തിലെ അനുഭവങ്ങൾ പ്രമേയമാക്കിയാണ് പുസ്തകരചന നടത്തിയത്.
Tags : Local News Nattuvishesham Wayanad