മഞ്ചേരി: കാലത്തിന് അനുസൃതമായി വളരേണ്ട മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിന്റെ വികസനം അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മ കാരണം വഴിമുട്ടിയ നിലയില്‍. 1942-ല്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രമായി ആരംഭിച്ച സ്ഥാപനം പിന്നീട് താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളായി മാറി. 2013-ലാണ് മെഡിക്കല്‍ കോളജായി പദവി ഉയര്‍ത്തിയത്. എന്നാല്‍ നഗരവളര്ച്ചയ്ക്കൊപ്പം ഭാവി വികസനത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതില്‍ ഉണ്ടായ വീഴ്ച തിരിച്ചയാകുകയായിരുന്നു.
സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകള്‍ പലതും 150 മുതല്‍ 200 ഏക്കര്‍ വരെ വിസ്തൃതമായ കാമ്പസുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജിനുള്ളത് ആകെ 25 ഏക്കറില്‍ താഴെ മാത്രമമുള്ള ഭൂസൗകര്യം. ഇതുകാരണം കാലത്തിനനുസരിച്ച് നൂതന ചികിത്സാ സൗകര്യങ്ങളും പുതിയ വിഭാഗങ്ങളും സ്ഥാപിക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. 2013-ല്‍ മെഡിക്കല്‍ കോളജ് ആരംഭിച്ചപ്പോള്‍ 5.8 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സെന്റിന് 60,000 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ തുക കുറഞ്ഞുപോയെന്ന് കാണിച്ച് ഉടമകള്‍ കോടതിയെ സമീപിച്ചതോടെ 2014-ലെ വിധിപ്രകാരം സെന്റിന് 2.25 ലക്ഷം രൂപ നിരക്കില്‍ പലിശ ഉള്‍പ്പെടെ 11.43 കോടി രൂപ സര്‍ക്കാറിന് നല്‍കേണ്ടിവന്നു. നിലവില്‍ 13 വര്‍ഷത്തിന് ശേഷം വീണ്ടും ഏഴ് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമം. പഴയ വില കണക്കാക്കിയാല്‍ തന്നെ 15.75 കോടി രൂപ വേണം. ഭൂവുടമകള്‍ നിലവിലെ ന്യായവില ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചാല്‍ ഈ തുക ഇനിയും കൂടും.
ഈ സ്ഥലം ലഭിച്ചാല്‍ തന്നെ ഇവിടെ നിര്‍മിക്കാനിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, ട്രോമാ കെയര്‍, സര്‍ജിക്കല്‍ ബ്ലോക്കുകള്‍, കാന്‍സര്‍ ചികിത്സാ വിഭാഗം എന്നിവ പൂര്‍ത്തിയാകുന്നതോടെ ക്യാമ്പസില്‍ ഒരിഞ്ച് സ്ഥലം പോലും ബാക്കിയുണ്ടാകില്ല. ഇതോടെ പാര്‍ക്കിംഗ്, കളിസ്ഥലം, പി.ജി കോഴ്സുകള്‍, ഡെന്റല്‍/നഴ്സിംഗ് കോളജുകള്‍, പാരാമെഡിക്കല്‍ കോഴ്സുകള്‍ എന്നിവയുടെ വികസനം
പൂര്‍ണമായും തടസ്സപ്പെടും.
വേട്ടേക്കോട് പദ്ധതിയില്‍ 60
ഏക്കര്‍ മെഗാ കാമ്പസ് ലക്ഷ്യം
പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി വേട്ടേക്കോട്ടെ ഭൂമി പ്രയോജനപ്പെടുത്താമെന്ന നിര്‍ദേശമുണ്ട്. വേട്ടേക്കോട് 25 ഏക്കര്‍ ഭൂമി സൗജന്യമായും 25 ഏക്കര്‍ മാര്ക്കറ്റ്വിലക്കും നല്കാന് ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനോട് ചേര്‍ന്നുള്ള 10 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൂടി ചേര്‍ത്താല്‍ ആകെ 60 ഏക്കര്‍ സ്ഥലം ലഭ്യമാകും.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതുക്കിയ നിയമപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയും കാമ്പസും തമ്മില്‍ 10 കിലോമീറ്റര്‍ വരെ ദൂരമാകാം. മഞ്ചേരിയില്‍നിന്ന് വേട്ടേക്കോടേക്ക് കേവലം 2.5 കിലോമീറ്റര്‍ മാത്രമാണ് ദൂരം. നിലവിലുള്ള ഓഡിറ്റോറിയം, ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റല്‍, അക്കാദമിക് ബ്ലോക്ക് എന്നിവയോടൊപ്പം വേട്ടേക്കോട്ടെ 60 ഏക്കര്‍ ഭൂമി കൂടി സംയോജിപ്പിച്ചാല്‍ മഞ്ചേരിയില്‍ മെഗാ മെഡിക്കല്‍ കോളജ് കാമ്പസ് ഒരുക്കാനാകും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മഞ്ചേരി നഗരസഭ, ആനക്കയം പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സാമ്പത്തിക പങ്കാളിത്തത്തോടെ ഇത് നടപ്പാക്കാന്‍ സാധിക്കും. കൂടാതെ, ഈ പദ്ധതി നടപ്പാകുന്നതോടെ മുന്‍പ് മെഡിക്കല്‍ കോളജിനായി മാറ്റിവച്ചതിനെത്തുടര്‍ന്ന് മഞ്ചേരിക്ക് നഷ്ടമായ ജനറല്‍ ആശുപത്രിയും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും നഗരത്തിന് തിരികെ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.