മഞ്ചേരി: പകര്‍ച്ചവ്യാധികള്‍ പടരുന്നുവെന്ന കാരണത്താല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ അനാവശ്യമായി പരിശോധന നടത്തി ബുദ്ധിമുട്ടിക്കുകയാണെന്ന് ഹോട്ടല്‍ ഉടമകള്‍. വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഹോട്ടല്‍ ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിയമാനുസൃതം എല്ലാ രേഖകളും അനുമതിപത്രങ്ങളും സഹിതം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളെ തെരഞ്ഞുപിടിച്ചാണ് പരിശോധന നടത്തുന്നതെന്നും തെരുവില്‍ അനാരോഗ്യകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ശാലകളിലൊന്നില്‍ പോലും അധികൃതര്‍ പരിശോധന നടത്തുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഹോട്ടലുടമകള്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ഫുഡ് സേഫ്റ്റി കമ്മീഷണര്‍, ജോ. ഡയറക്ടര്‍മാര്‍, ഡിഎംഒ ഓഫീസ് ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ സെക്രട്ടറി, ഹെല്‍ത്ത് സൂപ്രണ്ട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ സംയുക്തമായി നടത്തുന്ന പരിശോധനയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുക്കുന്നതോടെ ജനങ്ങളില്‍ അമ്പരപ്പുളവാക്കുന്ന സ്ഥിതിയാകുകയാണ്.
അതിനാല്‍ അനാവശ്യ പരിശോധനകള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് അല്ലാത്തപക്ഷം സ്ഥാപനങ്ങള്‍ അടച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും കേരള ഹോട്ടല്‍ ആൻഡ് റെസ്റ്ററന്റ്് അസോസിയേഷന് യുണിറ്റ് പ്രസിഡന്റ് കെ.ടി. രഘു, സെക്രട്ടറി ബാബു കാരാശേരി, ട്രഷറര്‍ പ്രദീപ് കുമാര്‍, ബാപ്പുട്ടി മദീന തുടങ്ങി യവര്‍ മുന്നറിയിപ്പ് നൽകി.
Tags : Local News Nattuvishesham Malappuram