പുതുശേരി: പൂട്ടിയിട്ടിരുന്ന വീടിന് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. ചൂണ്ടൽ പുതുശേരി കുറുനെല്ലിപറമ്പിൽ പന്തളത്ത് വീട്ടിൽ ആനന്ദിന്റെ വീടിനാണ് ഇന്നലെ വൈകുന്നേരം തീപിടിച്ചത്.
വൈകുന്നേരം 5.30ഓടെ വീട്ടിൽനിന്നു പുക ഉയരുന്നതുകണ്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ആനന്ദ് വീടുപൂട്ടിപോയി അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് അപകടം. പൂജാമുറിയിൽ കത്തിച്ചുവച്ച വിളക്കിൽനിന്നു തീപടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണമായും കത്തിനശിച്ചു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എ. അനീഷ്, അൻവർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
ഫയർ ഓഫീസർമാരായ ലിജു, ഗോഡ്സൺ, ആൽബർട്ട്, എ.ആർ. രഞ്ജിത്ത്, ശരത്കുമാർ, എം.ജി. ആദർശ്, ശരത് സി.എം,എം.ജി. ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags : nattu vishesham House catches fire