പാവറട്ടി: അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഇടിയഞ്ചിറ റെഗുലേറ്റർ സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥസ്ഥർക്കെതിരേ നാട്ടുകാർ പ്രതിഷേധിച്ചു. റെഗുലേറ്ററിന്റെ ഷട്ടറുകളിലെ ചോർച്ച പരിഹരിക്കാതെ താൽക്കാലിക ബണ്ട് പൊളിക്കാനുള്ള ഇറിഗേഷൻ വകുപ്പിന്റെ നീക്കം നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് റെഗുലേറ്റർ സന്ദർശിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരേയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
റെഗുലേറ്ററിന്റെ നിർമാണം പൂർണമായി പൂർത്തിയായിട്ടില്ലെന്നും ഷട്ടർ തുറക്കാതെതന്നെ ഇരു ഭാഗങ്ങളിലും ജലനിരപ്പ് തുല്യമായി നിലനിൽക്കുന്നത് ഷട്ടറിന്റെ ചോർച്ചയാണെന്നും നാട്ടുകാർ പറഞ്ഞു. ചോർച്ച പരിശോധിച്ചു ഉറപ്പാക്കിയ ശേഷമേ താൽക്കാലിക ബണ്ട് പൊളിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ് പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
വർഷങ്ങളായി താൽക്കാലിക ബണ്ട് നിർമിച്ച് ലക്ഷങ്ങൾ ചെലവഴിക്കുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരമായാണ് ഏകദേശം അഞ്ചുകോടി രൂപ ചെലവഴിച്ച് റെഗുലേറ്റർ നവീകരിച്ചത്.
വൈസ് പ്രസിഡന്റ് എം.കെ. ഹബീബ്, മുല്ലശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഷിജു, ഉദ്യോഗസ്ഥരായ മെക്കാനിക്കൽ അസിസ്റ്റന്റ്എൻജിനീയർ ഉണ്ണികൃഷ്ണൻ, സിവിൽ എൻജിനീയർ വിഭാഗം ഓഫീസർ ഗോപിത തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.
Tags : nattu vishesham Idiyanchira regulator